നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ മുഖം മാറുന്നു; ഡോക്ടർമാരും ജീവനക്കാരും ആശുപത്രി ശുചീകരണത്തിന്
text_fieldsനെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിയാൽ പലപ്പോഴും കാണുന്ന കാഴ്ച ജീവനക്കാരുടെ റെസ്റ്റ് സമയങ്ങളിൽ ആശുപത്രിയിൽ ക്ലീനിങ്ങും കൃഷി ചെയ്യുന്നതുമാണ്. ദിനം പ്രതി രണ്ടായിരക്കിലെറെ ഒപി വരുന്ന ആശുപത്രിയിൽ പരാതികളുടെ കൂമ്പാരമാണ് പരിഹാരം കണ്ടുവരുന്നത്. ആവശ്യത്തിന് ഡോക്ടർമാരില്ലെങ്കിലും ഉള്ള ഡോക്ടർമാർ അധിക സമയങ്ങളില് ഡ്യൂട്ടി നോക്കി രോഗികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ്. ഇനി പഴയ പരാതികളിലേറെയും ഓർമ്മയാവുമെന്ന് ഒരു കൂട്ടം ജീവനക്കാർ പറയുന്നു. നിരന്തരം പരാതിയും വാക്കേറ്റവും പരിഭവവുമായി നെയ്യാറ്റിൻകര താലൂക്കിൽ ചര്ച്ചാവിഷയമായിരുന്ന ആശുപത്രിയാണ് നിലപാട് മാറ്റാനൊരുങ്ങുന്നത്. ഇവിടെയും തീരുന്നില്ല നിരവധി പരാതികൾ കേട്ട ആശുപത്രിയിൽ പരാതി പരിഹരിച്ച് അവാർഡ് നേടണമെന്ന മികവാര്ന്ന പ്രവർത്തനത്തിലാണ് ഓരോ ജീവനക്കാരും.
അടുത്ത കായകൽപ്പ് അവാർഡ് നേടിയെടുക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ജീവനക്കാർ. ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്കരിച്ച അവാർഡാണ് കായകൽപ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി.), സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി.എച്ച്.സി), താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവ തമ്മിൽ മത്സരിച്ച് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് അവാർഡ് നൽകുന്നത്.
ഒരു ഫോറൻസിക് ഡോക്ടറെന്ന കാലങ്ങളായുള്ള ആവശ്യമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളോ, വേണ്ടത്ര ജീവനക്കാരോ, സാങ്കേതിക വിദഗ്ദരോ ഒന്നുമില്ലെങ്കിലും കായൽപ്പിനായി ഒരു കൈ നോക്കാനാണ് ഇക്കുറി നെയ്യാറ്റിൻകര ആശുപത്രി ജീവനക്കാരുടെ ശ്രമം. ജനറൽ ആശുപത്രി എന്ന പേരാണെങ്കിലും താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ് മാത്രമാണിവിടെയുള്ളത്. തൈയ്ക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പേരൂർക്കട മാതൃക ജനറൽ ആശുപത്രി, തിരുവനന്തപുരം ജനറൽ ആശുപത്രി എന്നിങ്ങനെ പ്രമുഖ ആശുപത്രികളുമായാണ് മത്സരം. ഇതിന്റെ ആദ്യപടിയായി ജോലിത്തിരക്കിന്റെ ഇടവേളകളിൽ നഴ്സുമാരും ശുചീകരണ തൊഴിലാളികളും മറ്റും പെയിന്റിങ് തൊഴിലാളികളാവും, അങ്ങനെ ആശുപത്രിയുടെ ചുവരുകൾക്ക് അഴകുള്ള ആകാശനീല നിറമായി.
അവർ തന്നെ മാലിന്യം നിറഞ്ഞുകിടന്ന ഇടങ്ങളെ സുന്ദരമായ പൂന്തോട്ടങ്ങളും പുൽത്തകിടികളുമാക്കി, മാസങ്ങളായി മുപ്പത് സെന്റ് സ്ഥലത്ത് ജീവനക്കാരുടെ നേതൃത്വത്തിൽ വെണ്ടയും, ചീരയും പയറും, കത്തിരിയും കായ്ക്കുന്ന പച്ചക്കറി തോട്ടങ്ങളാക്കി, മതിലുകളിർ വർണ്ണാഭമായ ചിത്രങ്ങൾ നിറച്ചു, ബയോ പാർക്ക് നിർമ്മിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇവയൊന്നിലും ഒരു പരിശീലനം സിദ്ധിച്ച തൊഴിലാളിയില്ലെന്നതാണ് അത്ഭുതം. ആർ.എം.ഒ ദീപ്തി മോഹൻ, നഴ്സിങ് ജീവനക്കാർ, ശുചീകരണ ജീവനക്കാർ, പി.ആർ.ഒ, എച്ച്.എം.സി അംഗങ്ങൾ ഇവരൊക്കെ ഒരേ മനസോടെ സ്വന്തം ആശുപത്രിക്കായി ഒരുകെട്ടായി പ്രവർത്തന നിരതരാണ്. ഒപ്പം ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷിന്റെ അകമഴിഞ്ഞ പിന്തുണ കൂടിയായപ്പോൾ ജീവനക്കാർ ത്രില്ലിലാണ്.
ഈ ടീമിന് ചില ലക്ഷ്യങ്ങളുണ്ട്, ആശുപത്രി രോഗീ സൗഹൃദമാവണം, രോഗികളും കൂട്ടിരിപ്പുകാരും സ്വന്തം കുടുംബത്തിലെ അംഗമായി തോന്നണം, പഴയ ശൈലിക്ക് മാറ്റം വരണം, പലപ്പോഴും ചില ജീവനക്കാരിൽ നിന്നുണ്ടാകുന്ന പെരുമാറ്റം ആശുപത്രിയുടെ പേരിന് കളങ്കം വരുത്തുന്നുണ്ടെങ്കിലും അതെല്ലാം പരിഹരിച്ച് മുന്നേറുവനുള്ള ശ്രമത്തിലാണ്. നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് സന്തോഷിന്റെ മികവാർന്ന പ്രവർത്തനമാണ് മാറ്റിത്തിലേക്ക് കൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.