കുഞ്ഞിനെ ദത്ത് നൽകാൻ കഴിയുമോയെന്ന് വ്യക്തമാക്കണമെന്ന് സി.ഡബ്ല്യു.സിയോട് കുടുംബ കോടതി
text_fieldsതിരുവനന്തപുരം: യഥാർഥ അമ്മയെ കണ്ടെത്തിയ സാഹചര്യത്തിൽ കുഞ്ഞിനെ ദത്ത് നൽകാൻ സാധിക്കുമോ എന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി വ്യക്തമാക്കണമെന്ന് വഞ്ചിയൂർ കുടുംബ കോടതി.
ദത്ത് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് അഡോപ്ഷൻ ഏജൻസി നേരത്തെ കോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് കൂടാതെ, കേസിലെ കക്ഷിയായ അനുപമ ഇക്കാര്യം ആവശ്യപ്പെട്ട് പ്രത്യേക ഹരജി നൽകാനും കോടതി ആവശ്യപ്പെട്ടു.
കുഞ്ഞ്, അനുപമ, ഭർത്താവ് അജിത് കുമാർ എന്നിവരുടെ ഡി.എൻ.എ പരിശോധനാ ഫലം ചൈൽഡ് വെൽഫയർ കമ്മിറ്റി ഇന്ന് കോടതിയിൽ സമർപ്പിച്ചു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട ചൈൽഡ് വെൽഫയർ കമ്മിറ്റി, പ്രത്യേക സാഹചര്യമുണ്ടെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു.
ഷിജു ഖാനെ പുറത്താക്കണമെന്ന് അനുപമ
അതിനിടെ, ദത്ത് വിവാദത്തിൽ ഹീയറിങ്ങിന് ഹാജരാകാത്ത പൊലീസിനും ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണും സംസ്ഥാന ബാലാവകാശ കമീഷൻ നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം, ആരോപണവിധേയനായ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ പുറത്താക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു. ആ പദവിയിൽ ഇരിക്കാൻ ഷിജു ഖാൻ അർഹനല്ലെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്.
കുഞ്ഞിനെ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയെ സമീപിച്ചപ്പോൾ ദത്ത് നടപടികൾ കഴിഞ്ഞെന്നാണ് പറഞ്ഞത്. പിന്നീടാണ് ദത്ത് സ്ഥിരപ്പെടുത്താൻ ശിശുക്ഷേമ സമിതി കുടുംബ കോടതിയെ സമീപിച്ചത്. എന്തിനാണ് ഇവർ കള്ളം പറഞ്ഞതെന്ന് അറിയില്ല.
ഞങ്ങൾ ശിശുക്ഷേമ സമിതിയിൽ എത്തിയതിന്‍റെ തെളിവുകൾ ചുരണ്ടി മാറ്റിയിരുന്നു. ആന്ധ്ര ദമ്പതികളുടെ കണ്ണീരിന്‍റെ ഉത്തരവാദിത്തം സി.ഡബ്ല്യു.സിക്കും ശിശുക്ഷേമ സമിതിക്കുമാണെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.