മേപ്പയൂരിൽ നിന്ന് കാണാതായ ദീപകിനെ കണ്ടെത്തണമെന്ന് കുടുംബം
text_fieldsമേപ്പയൂർ: തിക്കോടി കോടിക്കൽ കടപ്പുറത്തു നിന്ന് കണ്ടെത്തി സംസ്കരിച്ച മൃതദേഹം ഇർഷാദിന്റേതാണെന്ന് ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ മേപ്പയൂരിൽ നിന്ന് കാണാതായ ദീപകിനെ കണ്ടെത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്.
പുഴയിൽ നിന്ന് കണ്ടെടുത്ത മൃതദേഹം ദീപക്കിന്റേതെന്ന് അടുത്ത ബന്ധുക്കൾ തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് അമ്മ ശ്രീലത വ്യക്തമാക്കി. ദീപക്കിന്റെ മൃതദേഹം മറ്റ് ബന്ധുക്കളാണ് കണ്ടത്. ഗൾഫിൽ പോകുന്നതിന്റെ ആവശ്യത്തിനായി ജൂൺ ഏഴിന് വീട്ടിൽ നിന്ന് പോകുമ്പോഴാണ് മകനെ അവസാനമായി കാണുന്നത്. ഫോൺ വിളിക്കാത്തത് കൊണ്ടാണ് ജൂൺ 19ന് പരാതി നൽകിയത്. മകനെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് നടത്തണമെന്നും ശ്രീലത ആവശ്യപ്പെട്ടു.
ജൂലൈ 17ന് തിക്കോടി കോടിക്കൽ കടപ്പുറത്തു നിന്ന് ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ജൂൺ ആറിന് കാണാതായ കോഴിക്കോട് മേപ്പയൂർ കൂനം വെള്ളിക്കാവ് വടക്കേടത്തുകണ്ടി ദീപകിന്റെ മൃതദേഹമെന്നു കരുതി വീട്ടുകാർ ഏറ്റുവാങ്ങി സംസ്കരിച്ചു. ഡി.എൻ.എ പരിശോധനയിൽ മൃതദേഹം ദീപകിന്റേതല്ലെന്ന് സ്ഥിരീകരിച്ചു. തുടർന്നുള്ള പരിശോധനയിലാണ് തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി കോഴിക്കുന്നുമ്മൽ ഇർഷാദിന്റേതാണെന്ന് തെളിഞ്ഞത്.
വിദേശത്ത് ജോലി ആവശ്യാർഥം പോയ ഇര്‍ഷാദ് മേയ് 14നാണ് നാട്ടിലെത്തിയത്. അടുത്ത ദിവസംതന്നെ കാണാതായി. രക്ഷിതാക്കളുടെ പരാതിയില്‍ പെരുവണ്ണാമൂഴി പൊലീസ് അന്വേഷിച്ച് 16ന് വീടിനു സമീപം കണ്ടെത്തി പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണ് പത്തനംതിട്ട സ്വദേശിനിയുടെ സ്വർണം ഇര്‍ഷാദ് വശം ഉണ്ടെന്ന ആരോപണവുമായി ഒരു സംഘം വീട്ടിലെത്തിയത്. അത് മധ്യസ്ഥര്‍ മുഖേന പറഞ്ഞുതീര്‍ത്തതാണെന്നും പറയുന്നു.
മേയ് 23ന് വീട്ടില്‍നിന്ന് പോയ ഇര്‍ഷാദ് രണ്ടുദിവസം അത്തോളി പറമ്പത്തെ ഭാര്യവീട്ടിലായിരുന്നു. അവിടെനിന്ന് വയനാട്ടിലേക്ക് ജോലിക്കെന്നുപറഞ്ഞ് പോയ യുവാവിനെ കുറിച്ച് പിന്നീട് വിവരമില്ലാതാവുകയായിരുന്നു. ഇര്‍ഷാദിനെ കെട്ടിയിട്ട് മർദിച്ചവശനാക്കിയ നിലയിലുള്ള ഫോട്ടോ ബന്ധുക്കൾക്ക് സംഘം അയച്ചു കൊടുത്തിരുന്നു. ഇതോടെയാണ് ജൂലൈ 28ന് പെരുവണ്ണാമൂഴി പൊലീസിൽ പരാതി നല്‍കിയത്.
ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർകൂടി അറസ്റ്റിലായി. കൽപറ്റ കടുമിടുക്കിൽ ജിനാഫ് (31), വൈത്തിരി ചെറുമ്പാല ഷഹീൽ (26) എന്നിവരെയാണ് പേരാമ്പ്ര എ.എസ്.പി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ഇതുവരെ കേസിൽ മൂന്നുപേർ അറസ്റ്റിലായി. കണ്ണൂർ പിണറായി സ്വദേശി മർഹബയിൽ മർസിദ് (32) തിങ്കളാഴ്ച അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.