തലയോട്ടിക്കും തോളെല്ലിനും പൊട്ടൽ, സ്‌പൈനൽ കോർഡിൽ ക്ഷതം, കുട്ടി വീണ് പരിക്കേറ്റ കാര്യം വീട്ടുകാരെ അറിയിച്ചില്ല; ബാലാവകാശ കമീഷന്‍ കേസെടുത്തു
text_fieldsതിരുവനന്തപുരം: മൂന്നു വയസുകാരി അങ്കണവാടിയില്‍ വീണ് പരിക്കേറ്റ കാര്യം വീട്ടുകാരെ അറിയിച്ചില്ലെന്ന് പരാതി. വിവരം അങ്കണവാടി ജീവനക്കാര്‍ മറച്ചുവെച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ബാലാവകാശ കമീഷന്‍ കേസെടുത്തു. ഉച്ചയ്ക്ക് നടന്ന സംഭവം കുട്ടിയുടെ നില വഷളായതിനെ തുടർന്ന് രാത്രിയാണ് വീട്ടുകാർ അറിയുന്നത്. കഴുത്തിന് പിന്നില്‍ ക്ഷതമേറ്റ തിരുവനന്തപുരം പോങ്ങുംമൂട് രതീഷ്- സിന്ധു ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ വൈഗ എസ്.എ.റ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
മാറനല്ലൂർ വാർഡിലെ പൊലീസ് സ്റ്റേഷന് സമീപമുള്ള അങ്കണവാടിയിൽ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുട്ടി വീണ കാര്യം അറിയിക്കാന്‍ മറന്നുപോയി എന്നാണ് അങ്കണവാടി ജീവനക്കാര്‍ നല്‍കിയ മറുപടിയെന്ന് മാതാപിതാക്കൾ പറയുന്നു.
വൈകിട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചിൽ നിർത്താതെ തലയ്ക്കു വേദനയുള്ളതായി അമ്മ സിന്ധുവിനോടു പറഞ്ഞു. മാതാപിതാക്കൾ നടത്തിയ പരിശോധനയിൽ തലയിൽ ചെറിയ വീക്കം കണ്ടു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ തലയോട്ടിക്കും, കഴുത്തിനും പൊട്ടലുള്ളതായി കണ്ടെത്തുകയായിരുന്നു.
മകളുടെ കണ്ണിൽ ചെറിയ കുഴപ്പമുണ്ടായിരുന്നു. ഭക്ഷണം കൊടുത്തപ്പോൾ കുട്ടി ഛർദിച്ചു. എന്താണ് കാര്യമെന്നു വിളിച്ചുചോദിച്ചപ്പോൾ കുട്ടി വീണ കാര്യം പറയാൻ മറന്നുപോയി എന്നാണ് പറഞ്ഞത്. ഉച്ചയ്ക്ക് നടന്ന സംഭവം ഞങ്ങൾ രാത്രിയാണ് അറിയുന്നത് . തലയോട്ടി പൊട്ടിയിട്ടുണ്ട്, തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്, തോളെല്ലിനും പൊട്ടുണ്ട്. സ്‌പൈനൽ കോർഡിലും ക്ഷതം ഏറ്റിട്ടുണ്ട്. ഒരു വാക്കെങ്കിലും വിളിച്ചു പറഞ്ഞുകൂടായിരുന്നോവെന്നും കുട്ടിയുടെ അച്ഛൻ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.