കുട്ടനാട്ടിൽ ചോദ്യം ചെയ്യപ്പെടുന്നത് സി.പി.എം കമീഷനുകളുടെ പ്രഹസനവും
text_fieldsആലപ്പുഴ: കുട്ടനാട്ടിൽ കൂട്ടത്തോടെ പാർട്ടി വിട്ടവർ ചൂണ്ടിക്കാട്ടുന്നത് സി.പി.എം കമീഷനുകളുടെ പ്രഹസനമാകുന്ന അന്വേഷണങ്ങൾ. കുറ്റം, കുറ്റവാളികൾ, ശിക്ഷ എന്നിവയെല്ലാം തീരുമാനിച്ചശേഷം കമീഷനെ നിയമിക്കുകയും അവർ മുൻ തീരുമാനം അനുസരിച്ചുള്ള റിപ്പോർട്ട് തയാറാക്കി നൽകുകയുമാണ് ചെയ്യുന്നതെന്ന് പാർട്ടി വിട്ടവർ ഉദാഹരണങ്ങൾ നിരത്തി സമർഥിക്കുന്നു. പാർട്ടിയെ ഒരുവിഭാഗത്തിന്റെ കൈളിലൊതുക്കാനുള്ള നാടകമാണ് അന്വേഷണ കമീഷനുകളും അവരുടെ റിപ്പോർട്ടും നടപടികളുമെന്നാണ് ഇവരുടെ ആരോപണം.
ആലപ്പുഴയിലെ വിഭാഗീയത അന്വേഷിക്കാൻ മുൻ എം.പി പി.കെ. ബിജുവും മുൻ മന്ത്രി ടി.പി. രാമകൃഷ്ണനും അംഗങ്ങളായ കമീഷനെയാണ് നിയോഗിച്ചത്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തുവന്നപ്പോഴാണ് കുട്ടനാട്ടിൽ 222 പേർ സി.പി.ഐയിൽ ചേരുന്ന അവസ്ഥയുണ്ടായത്. നടപടിക്ക് വിധേയരായ ജില്ല കമ്മിറ്റി നേതാക്കൾ മറുത്ത് ഒരക്ഷരം മിട്ടിയിട്ടില്ല. അവർക്ക് നഷ്ടപ്പെടാൻ ഏറെയുള്ളതിനാലാണ് മിണ്ടാത്തതെന്നും താഴെത്തട്ടിലുള്ളവർക്ക് അത്തരം കെട്ടുപാടുകളില്ലാത്തതിനാലാണ് പാർട്ടി വിടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അഴിമതിയും ക്രിമിനൽ കുറ്റകൃത്യങ്ങളും അടക്കം നേതൃത്വത്തിന് വേണ്ടപ്പെട്ടവർ ചെയ്ത തെറ്റുകളൊന്നും കമീഷൻ കണ്ടില്ലെന്ന കുറ്റപ്പെടുത്തലാണ് ഉയരുന്നത്.
പ്രഹസനമാകുന്ന അന്വേഷണ കമീഷനുകളുടെ ചരിത്രം 1998ൽ തുടങ്ങിയതാണെന്ന് പാർട്ടി വിട്ടവർ പറയുന്നു. അന്ന് സേവ് സി.പി.എം ഫോറത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന കമ്മിറ്റി നിയോഗിച്ചത് അന്നത്തെ മന്ത്രി ടി. ശിവദാസമേനോൻ, എം. കേളപ്പൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരെയായിരുന്നു. അന്നത്തെ കമീഷന്റെ ശൈലി പിന്നീട് പാർട്ടിയിൽ സാർവത്രികമായി മാറുകയായിരുന്നുവെന്നാണ് ആക്ഷേപം. ജില്ലയിൽ പാർട്ടിയെ മന്ത്രി സജി ചെറിയാനെ അനുകൂലിക്കുന്നവരുടേത് മാത്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നടപടിക്ക് വിധേയരായവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.