ജപ്തി ഭീഷണി; ആത്മഹത്യക്കു ശ്രമിച്ച കർഷകൻ മരിച്ചു
text_fieldsപുൽപള്ളി: ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച കർഷകൻ ചികിത്സയിലിരിക്കെ മരിച്ചു. ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻ കുട്ടി (70) യാണ് മരിച്ചത്.
സുൽത്താൻ ബത്തേരി കാർഷിക വികസന ബാങ്കിൽനിന്നു കൃഷ്ണൻ കുട്ടി 2013ൽ ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. രണ്ടു തവണ പലിശ അടച്ചു പുതുക്കിയെങ്കിലും പിന്നീട് കൃഷികൾ നശിച്ചതിനാൽ വായ്പ തിരിച്ചടവ് മുടങ്ങി. ജപ്തി നടപടികൾ ആരംഭിക്കുമെന്നു കാണിച്ച് ബാങ്ക് അടുത്തിടെ പല തവണ നോട്ടീസ് അയച്ചിരുന്നു. കൂടാതെ, ബാങ്കിന്റെ നിയമോപദേശകനെ കൂട്ടി ജീവനക്കാർ വീട്ടിൽ വരികയും ഉടൻ ജപ്തി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബാംഗങ്ങൾ പറഞ്ഞു.
കഴിഞ്ഞയാഴ്ച ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ജപ്തി ഉടൻ നടക്കുമെന്നു വീണ്ടും ഭീഷണിപ്പെടുത്തിയതായും പറയുന്നു. കടുത്ത മനോവിഷമത്തിലായ കൃഷ്ണൻകുട്ടി കർണാടകയിലെ അതിർത്തി ഗ്രാമമായ ബൈരകുപ്പയിലെത്തി വിഷം കഴിക്കുകയായിരുന്നു. അവശനിലയിലായ ഇയാളെ നാട്ടുകാർ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കൃഷ്ണൻ കുട്ടി അർബുധ രോഗി കൂടിയാണ്. 2014 ഫെബ്രുവരി 28ന് ഇയാൾ ഭാര്യയുടെ പേരിൽ പുൽപ്പള്ളി സർവിസ് സഹകരണ ബാങ്കിൽ നിന്നും എടുത്ത 13500 രൂപയുടെ വായ്പയും കുടിശ്ശികയാണ്. ഭാര്യ: വിലാസിനി. മക്കൾ: മനോജ്, പ്രിയ. മരുമക്കൾ: സന്ധ്യ, ജോയ് പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.