അടിെയാഴുക്ക് വിധി നിർണയിക്കും
text_fieldsെകാച്ചി: സ്ഥാനാർഥിയെ ചൊല്ലിയുള്ള പ്രതിഷേധംകൊണ്ട് യു.ഡി.എഫിന് തലവേദനയായി മാറിയ കളമശ്ശേരി മണ്ഡലത്തിൽ ഇത്തവണ അടിയൊഴുക്കുകൾ വിജയം നിശ്ചയിക്കും. മണ്ഡലം രൂപവത്കൃതമായ ശേഷമുണ്ടായ രണ്ട് തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് സ്ഥാനാർഥിയെ വിജയിപ്പിച്ച മണ്ഡലത്തിൽ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ ഇരുമുന്നണിയിലും സ്ഥാനാർഥിയെ ചൊല്ലി അനിശ്ചിതത്വം നിലനിന്നിരുന്നെങ്കിലും പ്രഖ്യാപനത്തിനുശേഷം അത് യു.ഡി.എഫിൽ മാത്രമായി ഒതുങ്ങി. സീറ്റ് നിഷേധിക്കപ്പെട്ട മങ്കട സിറ്റിങ് എം.എൽ.എയും നാട്ടുകാരനുമായ ടി.എ. അഹമ്മദ് കബീറിെന വിമത സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിലേക്കടക്കം നീണ്ട തർക്കം പാണക്കാട്ടുനിന്ന് ലീഗ് നേതൃത്വം ഇടപെട്ടാണ് ഒതുക്കിയത്.
രണ്ടുതവണയും തെരഞ്ഞെടുക്കപ്പെട്ട മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞിെൻറ മകനും മുസ്ലിം ലീഗ് എറണാകുളം ജില്ല ജനറൽ സെക്രട്ടറിയുമായ വി.ഇ. അബ്ദുൽ ഗഫൂറാണ് യു.ഡി.എഫ് സ്ഥാനാർഥി. പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസും വിവാദങ്ങളും മൂലം ഇബ്രാഹീംകുഞ്ഞ് മത്സര രംഗത്ത് ഉണ്ടാവില്ലെന്ന് ഏറക്കുറെ ഉറപ്പായിരുന്നെങ്കിലും മകനെ കളത്തിലിറക്കുന്ന കാര്യത്തിൽ ഇബ്രാഹീംകുഞ്ഞ് വിജയിച്ചു. ഇതുണ്ടാക്കിയ പൊട്ടിത്തെറി കളമശ്ശേരിയിൽ മാത്രമല്ല, ലീഗ് ജില്ല കമ്മിറ്റിയിലേക്കും ബാധിച്ചു. ഇബ്രാഹീംകുഞ്ഞിനെതിരെ മാത്രമല്ല, സ്ഥാനാർഥിക്കെതിരെയും സ്വന്തം പാളയത്തിൽനിന്നുതന്നെ ഉയർന്ന ആരോപണങ്ങളിലാണ് എൽ.ഡി.എഫിെൻറ വിജയപ്രതീക്ഷ.
സ്ഥാനാർഥിയെ ചൊല്ലി എൽ.ഡി.എഫിലും അസ്വാരസ്യങ്ങളുണ്ടായിരുന്നെങ്കിലും പി. രാജീവിനെ പ്രഖ്യാപിച്ചതോടെ എതിർപ്പുകൾ കെട്ടടങ്ങി. രാജ്യസഭാംഗവും സംസ്ഥാന നേതാവുമായ സ്ഥാനാർഥിയെ കളത്തിലിറക്കാനായത് നേട്ടമായി എൽ.ഡി.എഫ് കാണുന്നു. മണ്ഡലത്തിലെ സ്ഥിര താമസക്കാരനായ രാജീവ് ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്നു. യു.ഡി.എഫിലെ തർക്കങ്ങൾക്കിടെ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് പ്രചാരണരംഗത്ത് ഏറെ മുന്നേറായി. യു.ഡി.എഫ് തരംഗത്തിൽ ലോക്സഭയിലേക്ക് കളമശ്ശേരി രാജീവിനെ തുണച്ചില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ 2895 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചത് എൽ.ഡി.എഫിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
എന്നാൽ, ഇബ്രാഹീംകുഞ്ഞിന് മണ്ഡലത്തിൽ ആഴത്തിലുള്ള ബന്ധങ്ങൾ അഴിമതിയടക്കം എല്ലാ ആരോപണങ്ങളുടെയും മുനയൊടിക്കാൻ പോന്നതാണെന്ന് യു.ഡി.എഫ് കരുതുന്നു. ജാതിമത ഭേദമില്ലാതെ വ്യക്തിപരമായി തന്നെ തുണക്കുന്ന നല്ലൊരു വിഭാഗം വോട്ടർമാർ ഇത്തവണയും കൂടെയുണ്ടാകുമെന്നും മകനെ തുണക്കുമെന്നുമുള്ള ഉറച്ച പ്രതീക്ഷയിലാണ് ഇബ്രാഹീംകുഞ്ഞും യു.ഡി.എഫ് ക്യാമ്പും. എതിർപ്പുകൾ തീർപ്പാക്കി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ അബ്ദുൽ ഗഫൂർ പ്രചാരണരംഗത്ത് ഇടതിനൊപ്പം എത്തിയതും വിജയത്തിലേക്കുള്ള പടിയായി കാണുന്നു.
കഴിഞ്ഞ തവണത്തെപോലെ എൻ.ഡി.എ ബി.ഡി.ജെ.എസിന് നൽകിയ സീറ്റിൽ പി.എസ്. ജയരാജാണ് സ്ഥാനാർഥി. വോട്ട് വർധിപ്പിക്കുന്നതിലപ്പുറം സ്വാധീനം കളമശ്ശേരിയിൽ സ്ഥാനാർഥിക്ക് ചെലുത്താനാവുമെന്ന് എൻ.ഡി.എ ക്യാമ്പുപോലും പ്രതീക്ഷിക്കുന്നില്ല. ഇരുമുന്നണിയും വിജയപ്രതീക്ഷ പുലർത്തുേമ്പാഴും പ്രതീക്ഷക്കപ്പുറം കലാപക്കൊടി ഉയർത്തി രംഗത്തെത്തിയ വിഭാഗങ്ങൾ സ്വീകരിക്കുന്ന നിലപാടാകും നിർണായകമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.