Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിതാവ് മാനേജ്മെന്റിനെ...

പിതാവ് മാനേജ്മെന്റിനെ ചോദ്യം ചെയ്തു; മകനെ സ്കൂളിൽ നിന്ന് പുറത്താക്കി

text_fields
bookmark_border
student expelled from school
cancel

കോഴിക്കോട്: സ്കൂൾ പി.ടി.എ പ്രസിഡന്റായിരുന്ന പിതാവ് മാനേജ്മെന്റിന്റെ നടപടികളെ ചോദ്യം ചെയ്തതിലുള്ള പ്രതികാരമായി വിദ്യാർഥിയായ മകനെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി. സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മാധവിനെയാണ് പിതാവിനോടുള്ള ദേഷ്യം തീർക്കാൻ സ്കൂൾ അധികൃതർ പുറത്താക്കിയത്. മലാപ്പറമ്പ് സ്വദേശികളായ അനൂപ് ഗംഗാധരൻ-രേഖ ദമ്പതികളുടെ മകനാണ് സ്കൂൾ അധികൃതരുടെ പകപോക്കലിന് ഇരയായത്. സംഭവത്തിൽ ബാലാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്ന് അനൂപ് പറഞ്ഞു.

അഞ്ച് വർഷമായി സെന്റ് ജോസഫ്സ് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിയാണ് മാധവ്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുകയും അച്ചടക്കം പാലിക്കുകയും ചെയ്യുന്ന വിദ്യാർഥിയെ പിതാവിനോടുള്ള വാശിക്കാണ് സ്കൂൾ അധികൃതർ പുറത്താക്കിയതെന്ന് അനൂപ് ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

പി.ടി.എ പ്രസിഡന്റ് സ്ഥാനത്തിരുന്ന് കൊണ്ട് സ്‌കൂൾ അധികൃതരുടെ നിയമലംഘനങ്ങളെ ചോദ്യം ചെയ്‌തുവെന്നതാണ് താൻ ചെയ്ത കുറ്റമെന്നും തന്നെ നിയമപരമായി നേരിടാതെ മകനെ പുറത്താക്കി പകരം വീട്ടുകയാണ് സ്കൂൾ അധികൃതരെന്നും അനൂപ് പറയുന്നു.

ക്രിക്കറ്റ് പരിശീലനത്തിനായി സ്കൂൾ അധികൃതരുടെ അനുവാദത്തോടെ സ്കൂളിൽ നിന്ന് വിട്ടു നിൽക്കുകയും പരീക്ഷ എഴുതാൻ മാത്രം എത്തുകയുമായിരുന്നു വിദ്യാർഥി ചെയ്തിരുന്നത്. പാദവാർഷിക പരീക്ഷ അങ്ങനെ എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാൽ അർധവാർഷിക പരീക്ഷ അടുക്കുന്നതിനിടയിൽ താനുമായുണ്ടായ പ്രശ്നം മൂലം സ്കൂൾ അധികൃതർ കുട്ടിയുടെ ഹാജർ നില കുറവാണെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കുകയായിരുന്നു.

'നിങ്ങൾ നിയമപരമായിട്ട് മാത്രം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന ആളാണല്ലോ, അതുകൊണ്ട് നിങ്ങളുടെ മകന്റെ കാര്യത്തിൽ ഞങ്ങൾക്കും നിയമനുസരിച്ച് മാത്രമേ പോവാൻ പറ്റുകയുള്ളു' എന്നാണ് മകനെ സ്‌കൂളിൽ നിന്ന് പുറത്താക്കിക്കൊണ്ട് ഹെഡ്മാസ്റ്റർ അറിയിച്ചതെന്നും അനൂപ് പറയുന്നു. കുട്ടിയുടെ പിതാവുമായുള്ള പ്രശ്നങ്ങളും കുട്ടിയെ പുറത്താക്കിയതും തമ്മിൽ ബന്ധമില്ലെന്ന് സ്കൂൾ ഹെഡ് മാസ്റ്റർ പറഞ്ഞു.

12 ദിവസം ഹാജർ ഇല്ലാതായപ്പോൾ തന്നെ വിവരം രക്ഷിതാക്കളെ അറിയിച്ചതാണ്. സ്കൂളിന് പുറത്ത് കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്ത o ഏറ്റെടുക്കാൻ സ്കൂളിന് സാധിക്കില്ലെന്നും 20 ദിവസമായിട്ടും കുട്ടി സ്കൂളിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടിയെന്നും ഹെഡ് മാസ്റ്റർ പറഞ്ഞു. അതേസമയം, സ്കൂൾ അധികൃതരുടെ പ്രതികരണം ലഭ്യമായിട്ടില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ഞങ്ങളുടെ ചെക്കനെ, അഞ്ച് വർഷമായി അവൻ പഠിച്ചിരുന്ന സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.... എത്ര മോശം കാര്യം ചെയ്‌താൽ പോലും ഏതെങ്കിലുമൊരു കുട്ടിയെ സ്‌കൂളിൽ നിന്നും പുറത്താക്കിയതായൊരു വാർത്ത നിങ്ങൾ എത്ര തവണ കേട്ടിട്ടുണ്ട്?! ലഹരി ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാൽ പോലും, അദ്ധ്യാപകരോട് അങ്ങേയറ്റം മോശമായി സംസാരിച്ചാൽ പോലും, ഒരുപക്ഷെ അവരുമായി കൈയ്യാങ്കളി ഉണ്ടായാൽ പോലും, കുട്ടിയെ പുറത്താക്കാതെ അവരെ കറക്റ്റ് ചെയ്യാൻ ശ്രമിക്കുന്ന സംവിധാനങ്ങൾ നിലനിൽക്കുന്ന കാലമാണിത്... കുരുന്ന് മനസ്സുകളെ ഇത്തിരി പോലും വിഷമിപ്പിക്കാതെ അവരുടെ നല്ല നാളേയ്ക്കായി രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് നിൽക്കുന്ന ഇങ്ങനെയുള്ളൊരു കാലത്താണ്, അങ്ങേയറ്റം അച്ചടക്കമുള്ള വിദ്യാർത്ഥി ജീവിതം നയിക്കുകയും പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുകയും ചെയ്‌തിരുന്ന മകനെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്...

കുറ്റം മറ്റൊന്നുമല്ല, കുട്ടിയുടെ അച്ഛനായ ഞാൻ പിടിഎ പ്രസിഡന്റ് സ്ഥാനത്തിരുന്ന് കൊണ്ട് സ്‌കൂൾ അധികൃതരുടെ നിയമലംഘനങ്ങളെ ചോദ്യം ചെയ്‌തിരുന്നു എന്നുള്ളതാണ്... ചോദ്യങ്ങൾ ഉയർത്തിയ അച്ഛനെ നിയമപരമായി നേരിടുന്നതിന് പകരം, മകനോട് പകരം വീട്ടാം എന്നായിരുന്നു മഹത്തായ പാരമ്പര്യമുള്ള സ്‌കൂളിന്റെ തലപ്പത്തുള്ളവർക്ക് തോന്നിയത്... ചില സിനിമകളിൽ നായകനോടുള്ള ദേഷ്യം നായകന്റെ വീട്ടുകാരോട് തീർക്കുന്ന തരംതാണ ഏർപ്പാട് പോലെ... 'നിങ്ങൾ നിയമപരമായിട്ട് മാത്രം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന ആളാണല്ലോ, അതുകൊണ്ട് നിങ്ങളുടെ മകന്റെ കാര്യത്തിൽ ഞങ്ങൾക്കും നിയമനുസരിച്ച് മാത്രമേ പോവാൻ പറ്റുകയുള്ളു' എന്നാണ് മകനെ സ്‌കൂളിൽ നിന്ന് പുറത്താക്കുകയാണ് എന്നറിയിച്ചുകൊണ്ട് സ്‌കൂളിന്റെ ഹെഡ്‌മാസ്റ്റർ എന്നോട് യാതൊരു സങ്കോചവുമില്ലാതെ വ്യക്തമാക്കിയത്...

ഇനി നിയമപരമല്ലാതെ മകൻ ചെയ്‌ത കാര്യം എന്താണെന്നത് കൂടെ പറയണമല്ലോ... പത്താം വയസ്സ് മുതൽ ക്രിക്കറ്റ് പരിശീലിച്ച് വരുന്ന അവന്, അതിനോടുള്ള അഭിനിവേശം മൂത്ത്, മുഴുവൻ സമയ പ്രൊഫഷണൽ പരിശീലനത്തിന് താൽപര്യമുണ്ടായപ്പോൾ, അതിനുള്ള അനുമതി ഹെഡ്‌മാസ്റ്ററോട് തേടുന്നു... സ്വന്തമായി പഠിച്ച് പരീക്ഷകൾ കൃത്യമായി എഴുതി മാർക്ക് കുറയാതെ നോക്കണമെന്നുമുള്ള വ്യവസ്ഥയിൽ മകൻ കോഴിക്കോടിന് പുറത്ത് ക്രിക്കറ്റ് പരിശീലനത്തിനായി പോവുന്നു.... സ്പോർട്സിന് മുൻഗണന കൊടുക്കുന്ന കുട്ടികൾക്ക് സ്‌കൂൾ അറ്റന്റസ് നിയമങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടാണ് എന്നതിനാൽ, ഇത്തരത്തിൽ പരിശീലനത്തിന് പോവുന്ന നിരവധി കുട്ടികൾക്ക് മിക്ക സ്‌കൂളുകളിലും ഇളവുകൾ നൽകാറുണ്ട്... ഈ സ്‌കൂളിൽ പോലും പല കുട്ടികളും ഇങ്ങനെ എല്ലാ കാലത്തും പോയിട്ടുമുണ്ട്... വാക്കാലുള്ള ഈ വ്യവസ്ഥയിൻമേൽ കഴിഞ്ഞ ഒന്നരവർഷമായി പരിശീലനം തുടർന്ന് പോരുകയും, യൂട്യൂബിലെ വിക്ടേഴ്‌സ് ചാനൽ നോക്കി പാഠങ്ങൾ പഠിച്ച് പരീക്ഷയെഴുതുകയും, 85 ശതമാനത്തിലധികം മാർക്ക് നേടുകയും ചെയ്‌തിരുന്നു പതിനാല് വയസ്സുള്ള പയ്യൻ...

ഈ വർഷം പോലും, ഒന്നാമത്തെ ടേമിൽ, അതായത് 2022 ജൂൺ ആദ്യം സ്‌കൂൾ തുറന്നതിന് ശേഷം, പരീക്ഷകൾക്കല്ലാതെ ഒറ്റ ദിവസം പോലും ക്ലാസുകൾക്കായി പോവാതിരുന്നിട്ടും, ഫീസ് വാങ്ങുകയും ഓണപ്പരീക്ഷയ്ക്ക് ഇരിക്കാൻ സമ്മതിക്കുകയും സ്‌കൂൾ അധികൃതർ ചെയ്തിട്ടുണ്ടെങ്കിൽ, അതിനർത്ഥം അവരുടെ അറിവോട് കൂടി തന്നെ കുട്ടി പരിശീലനത്തിനായി പോവുന്നു എന്നതാണല്ലോ... എന്നാൽ ഒന്നാമത്തെ ടേമിന്റെ അവസാനത്തിൽ, അച്ഛനായ ഞാൻ സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിയലംഘനങ്ങളിലേക്ക് വിരൽ ചൂണ്ടിയപ്പോൾ, ചട്ടങ്ങളെല്ലാം മറികടന്ന് കൊണ്ട് ആദ്യം പിടിഎ പ്രസിഡന്റ് സ്ഥാനത്ത് നിന്നും എന്നെ പുറത്താക്കുന്നു... പിന്നീട് രണ്ടാമത്തെ ടേമിൽ മാത്രം മകന് അറ്റന്റസ് ഷോട്ടേജ് ഉണ്ടെന്ന കാരണം പറഞ്ഞ് അവനെയും സ്‌കൂളിൽ നിന്നും പുറത്താക്കുന്നു...

അറ്റന്റസ് ഷോട്ടേജ് മാത്രമാണ് യഥാർത്ഥ വിഷയമെങ്കിൽ, ജൂൺ മാസം തന്നെ ഇക്കാര്യം സ്‌കൂൾ അധികൃതർക്ക് പറയാമായിരുന്നു... അങ്ങനെയെങ്കിൽ കുട്ടികളുടെ കായിക താൽപര്യത്തേയും ഒപ്പം തന്നെ പഠനം മുന്നോട്ട് കൊണ്ട് പോവാനുള്ള കഴിവിനെയും ഒരേപോലെ പ്രോത്സാഹിപ്പിക്കുന്ന മറ്റേതെങ്കിലും സ്‌കൂളിലേക്ക് അവനെ ഞങ്ങൾക്ക് ആദ്യമേ മാറ്റാമായിരുന്നു... എന്നാൽ അദ്ധ്യായന വർഷത്തിന്റെ പകുതിക്ക് വെച്ച് ഇത്തരത്തിൽ പുറത്താക്കുമ്പോൾ, കളിയും പഠനവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന കുട്ടിയുടെ ഒരു വർഷം നഷ്ടമാവുന്നതിലേക്കാണ് കാര്യങ്ങൾ എത്തിച്ചേരുക എന്നറിഞ്ഞുകൊണ്ട് തന്നെ ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്‌കൂൾ അധികൃതരുടെ ധാർമിക നിലവാരം എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...

പഠനം തുടരണമെങ്കിൽ ഡിഡിഇ / ഡിഇഒ ഓഫീസുകളിൽ നിന്ന് അനുമതിപത്രം ഹാജരാക്കണം എന്നായിരുന്നു ഹെഡ്‌മാസ്റ്റർ എനിക്കയച്ച റജിസ്റ്റേഡ് പോസ്റ്റിൽ പറഞ്ഞിരുന്നത്... എന്നാൽ കായികപരിശീലനത്തിനായി സ്‌കൂളിൽ നിന്നും അവധിയെടുക്കുന്നതിനെ കുറിച്ച് ഞാൻ ഒന്നരവർഷം മുൻപ് തന്നെ ഡിഡിഇ / ഡിഇഒ ഓഫീസുകളിൽ അന്വേഷിച്ചപ്പോൾ, അങ്ങനെയൊരു അനുമതി രേഖാമൂലം നൽകാൻ ആ ഓഫീസുകൾക്ക് കഴിയില്ല എന്നും, കായിക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾക്ക് ഹെഡ്മാസ്റ്ററുടേയും ക്ലാസ് ടീച്ചറുടെയും അനുമതിയോടെ അതുമായി മുന്നോട്ട് പോവാം എന്നുമാണ് മറുപടി ലഭിച്ചിരുന്നത്. അതായത് പ്രസ്‌തുത ഓഫീസുകളിൽ നിന്നും അങ്ങനെയൊരു അനുമതി രേഖാമൂലം ലഭിക്കില്ല എന്നത് നന്നായി അറിഞ്ഞുകൊണ്ട് തന്നെയാണ്, കുട്ടിയെ സ്‌കൂളിൽ നിന്ന് പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ സ്‌കൂൾ അധികൃതർ കരുക്കൾ നീക്കിയത്...

നേരത്തെ പറഞ്ഞ വ്യവസ്ഥയിൽ പരീക്ഷകൾ മാത്രം എഴുതികൊണ്ട് പരിശീലനത്തിനായി അവധിയെടുക്കാൻ, മകൻ ഇപ്പോൾ പഠിക്കുന്ന ഒൻപതാം ക്ലാസ്സിന്റെ അവസാനം വരെയെങ്കിലും അനുവദിക്കണം എന്ന് ഹെഡ്‌മാസ്റ്ററോട് മകന്റെ പേരിൽ അപേക്ഷിച്ചിരുന്നു....എന്നിട്ടും അതിന്റെ മൂന്നാം നാൾ മകനെ പുറത്താക്കിയതായി എനിക്ക് വാട്ട്സാപ്പ് സന്ദേശം അയക്കുകയാണ് അദ്ദേഹം ചെയ്‌തത്‌... പൊതുവിദ്യഭ്യാസ സമ്പ്രദായത്തെ ശാക്തീകരിക്കുക എന്ന പ്രഖ്യാപിത നയവുമായി മുന്നോട്ട് പോകുന്ന ഒരു സർക്കാരിന്റെ കാലത്ത് തന്നെയാണ്, സർക്കാർ ശമ്പളം വാങ്ങുന്ന ഒരു പൊതുവിദ്യാലയത്തിന്റെ അധികൃതർ, സർക്കാർ നയത്തെ തന്നെ തുരങ്കം വെയ്ക്കുന്ന ഇത്തരം നടപടി എടുക്കുന്നത്...

കായിക പരിശീലനത്തിനായി പോവുന്ന ഒരു കുട്ടിക്ക് അറ്റന്റസിലെ കുറവ് മറികടക്കാൻ നിയമപരമായി ഒരു പരിരക്ഷയും ലഭിക്കുന്നില്ല എന്ന ഗൗരവമേറിയ വിഷയത്തിലേക്കും കൂടിയാണ് ഇത് വിരൽ ചൂണ്ടുന്നത്... സ്‌കൂളിന്റെ തലപ്പത്തുള്ളവരുടെ വ്യക്തിപരമായ താൽപര്യങ്ങളുടെയും ഔദാര്യത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ് ഒരു കുട്ടിയുടെ കായിക സ്വപ്‌നങ്ങളുടെ ഗതി നിർണ്ണയിക്കപ്പെടുക എന്നത് ഒരു പുരോഗമന സമൂഹത്തിന് ചേരുന്ന കാര്യമാണോ എന്നത് പൊതുവിദ്യാഭ്യാസവകുപ്പും കായികവകുപ്പും ചേർന്ന് ആലോചിക്കേണ്ട കാര്യമാണ്...

ഒരു കുട്ടിയുടെ മനസ്സിലെ ചിന്തകളെയും വികാരങ്ങളെയും ഒട്ടും മുഖവിലയ്‌ക്കെടുക്കാതെയുള്ള സ്‌കൂൾ അധികൃതരുടെ നടപടിയെക്കുറിച്ച് പരാതിപ്പെട്ട് കൊണ്ട്, ഈ വിഷയത്തിൽ പൊതുവായുള്ള ഒരു മാർഗ്ഗരേഖയ്ക്കായി ബാലാവകാശ കമ്മീഷനിൽ ഒരു പെറ്റിഷൻ ഫയൽ ചെയ്‌തിട്ടുണ്ട്‌... അക്കാഡമിക്‌സിനേക്കാൾ സ്പോർട്ട്സിന് കൂടുതൽ പ്രാധാന്യം നൽകുന്ന തന്നെ പോലുള്ള ആയിരക്കണക്കിന് കുട്ടികളെ പ്രത്യേക പരിഗണനയോടെ കാണണം എന്ന മകന്റെ അപേക്ഷ കമ്മീഷൻ പ്രാധാന്യത്തോടെ എടുക്കും എന്നാണ് പ്രതീക്ഷ... നിയമമാണോ നീതിയാണോ കുട്ടികളുടെ കാര്യത്തിൽ പരിഗണിക്കപ്പെടുക എന്നതറിയാനായി കാത്തിരിക്കുകയാണ്...

ഞങ്ങളുടെ പൊന്നോമനയുടെ മുഖത്തെ പുഞ്ചിരി മായാതെ അവനെ ചേർത്ത് നിർത്താൻ ഞങ്ങൾക്ക് കഴിയും... എന്നാൽ ചോദ്യങ്ങൾ ഉയർത്തുന്ന രക്ഷിതാവിനോടുള്ള പക തീർക്കാൻ കുട്ടിയുടെ പഠനം തന്നെ പ്രതിസന്ധിയിലാക്കി കൊണ്ട് ശിക്ഷിക്കുക എന്ന അത്യന്തം അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കാൻ ഈയൊരു സംഭവം കാരണമായിക്കൂട എന്ന നിർബന്ധമുള്ളത് കൊണ്ട് ഞങ്ങൾ ഇതിനെതിരെ പൊരുതുക തന്നെ ചെയ്യും... അവൻ നാളെ ക്രിക്കറ്റിൽ ശോഭിച്ചാലും ഇല്ലെങ്കിലും, ചെയ്യാത്ത തെറ്റിനാണ് തന്നെ നിഷ്കരുണം സ്‌കൂളിൽ നിന്ന് പുറത്താക്കിയത് എന്ന് തിരിച്ചറിയാനും, ഈ ലോകം ഇങ്ങനെയൊക്കെ കൂടിയാണ് എന്ന വലിയ പാഠം ഉൾക്കൊള്ളാനും അവന് ഇതിലൂടെ കഴിയുകയും ചെയ്യും...

മകനോട് സ്‌കൂൾ കാണിച്ച കൊടിയ അനീതിയെ കുറിച്ചോർക്കുമ്പോഴെല്ലാം, ഈ സ്‌കൂൾ നടത്തുന്ന 'ഈശോസഭ' എന്ന മഹാപ്രസ്ഥാനത്തിൽ നിന്നും മാർപ്പാപ്പയായി ലോകത്തിന്റെ മനം കവർന്ന ഫ്രാൻസിസ് പാപ്പയുടെ വാചകമാണ് മനസ്സിൽ തെളിയുന്നത്, "A society can be judged by the way it treats its children".

- അനൂപ് ഗംഗാധരൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student
News Summary - The father questioned the management; His son was expelled from school
Next Story