കണ്ണൂർ 'ടച്ചു'ള്ള അഞ്ചാം മുഖ്യൻ
text_fieldsകണ്ണൂർ: അഞ്ച് മുഖ്യമന്ത്രിമാരാണ് കണ്ണൂർ 'തൊട്ട്' ഇന്നോളം തിരുവനന്തപുരത്തെത്തിയത്. മറ്റു ജില്ലക്കൊന്നും അവകാശപ്പെടാനില്ലാത്ത രാഷ്ട്രീയ ചരിത്ര പാരമ്പര്യമാണ് കണ്ണൂരിന് ഇക്കാര്യത്തിൽ. കേരളപ്പിറവി മുതൽ കണ്ണൂരുമായി ബന്ധപ്പെട്ട അഞ്ചു പേരാണ് മുഖ്യെൻറ കസേരയിലിരുന്നത്.
1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് മുതൽ തുടങ്ങുന്നതാണ് ആ ചരിത്രം. ഇന്നത്തെ കാസർകോട് ജില്ലയിലെ നീലേശ്വരത്തുനിന്നാണ് ഇ.എം.എസ് അന്ന് ജനവിധി തേടി നിയമസഭയിലെത്തിയത്. എന്നാൽ, അക്കാലത്ത് നീലേശ്വരം അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു.
1984ലാണ് കാസർകോട് ജില്ല രൂപം കൊള്ളുന്നത്. തുടർന്ന് 1960ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായത് കണ്ണൂർ മണ്ഡലത്തിൽനിന്ന് ജയിച്ച് സഭയിലെത്തിയാണ്. കൊല്ലം സ്വദേശിയായിരുന്നെങ്കിലും അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചത് കണ്ണൂർ മണ്ഡലത്തിലായിരുന്നു. പട്ടം താണുപിള്ളയുടെ മന്ത്രിസഭയിൽ ഉപ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ 1962 മുതൽ 64 വരെയാണ് കേരളത്തിെൻറ മുഖ്യമന്ത്രിയായത്. കേരളത്തിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ ഇ.കെ. നായനാർ കണ്ണൂർ കല്യാശ്ശേരി സ്വദേശിയാണ്.
കണ്ണൂർ സ്വദേശിയായ നായനാർ 4009 ദിവസമാണ് കേരളത്തിെൻറ മുഖ്യമന്ത്രി കസേരയിലിരുന്നത്. 1996ൽ തലശേരിയിൽനിന്നാണ് നായനാർ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് തവണ കേരളത്തിെൻറ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ ജന്മം കൊണ്ട് കണ്ണൂർ സ്വദേശിയാണെങ്കിലും ഇവിടെ മത്സരിച്ചിരുന്നില്ല. കണ്ണൂരിൽനിന്ന് അഞ്ചാമത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനൊപ്പം മറ്റൊരു ചരിത്രം കൂടി തുന്നിച്ചേർത്തിട്ടുണ്ട്. കേരളത്തിെൻറ രാഷ്ട്രീയ ചരിത്രത്തിൽ തുടർഭരണത്തിെൻറ ശിൽപി എന്ന ബഹുമതിയും കണ്ണൂരിൽനിന്നുള്ള അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഇക്കുറി മന്ത്രിസഭയിലെ രണ്ടാമനായ എം.വി. ഗോവിന്ദൻ മാസ്റ്ററും കണ്ണൂർ ജില്ലയിൽനിന്നാണ്.
കണ്ണൂരിെൻറ മന്ത്രിസഭ പ്രാതിനിധ്യം എറ്റവും കൂടുതൽ കഴിഞ്ഞ പിണറായി സർക്കാറിെൻറ കാലത്തായിരുന്നു. മുഖ്യമന്ത്രിയടക്കം നാല് മന്ത്രിമാരായിരുന്നു കഴിഞ്ഞ തവണ. ഇത്തവണ അത് രണ്ടായി കുറഞ്ഞു. എങ്കിലും പുതിയ മന്ത്രിസഭയിലെ വനം വകുപ്പ് കൈകാര്യം ചെയ്യുന്നത് കണ്ണൂർ സ്വദേശിയായ എ.കെ. ശശീന്ദ്രനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.