വിശ്വാസികളെ തള്ളി അന്ധവിശ്വാസത്തിനെതിരായ പോരാട്ടം അപ്രായോഗികം -എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: വിശ്വാസികളെ തള്ളിക്കളഞ്ഞ് അന്ധവിശ്വാസത്തിനെതിരെ പോരാട്ടം സംഘടിപ്പിക്കണമെന്ന് പറയുന്നത് അപ്രായോഗികമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിശ്വാസികളെ മുഖവിലക്കെടുത്ത് മാത്രമേ അത് സാധ്യമാകൂ. അവിശ്വാസികളും വിശ്വാസികളും ചേർന്ന് അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുദ്ധം ചെയ്യണം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന 2000 ശാസ്ത്ര സംവാദങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
താൻ വിശ്വാസിയല്ല, എന്നാൽ വിശ്വസികളുടെ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി നിലകൊള്ളും. വിശ്വാസിയായി ജീവിക്കുന്നവർക്ക് അതുമായി മുന്നോട്ടുപോകാം. വിശ്വാസി വർഗീയവാദിയല്ല. വിശ്വാസത്തിന്‍റെ പേരിൽ അധികാരത്തിലെത്താൻ മതത്തെ ഉപയോഗിക്കുന്നവരാണ് വർഗീയവാദികൾ. വർഗീയതയെയും വിശ്വാസത്തെയും വേർതിരിച്ച് കാണണം. അവരെ തിരിച്ചറിയണം. രാജ്യത്തെ ഭരണകർത്താക്കൾപോലും ശാസ്ത്രവിരുദ്ധവും അബദ്ധജടിലവുമായ കാര്യങ്ങൾ ആവർത്തിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നു. നവോത്ഥാന മുന്നേറ്റങ്ങൾ നടന്ന കേരളവും അന്ധവിശ്വാസങ്ങളുടെ അലയൊലികളിൽനിന്ന് പൂർണമായി മുക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബി. ഇക്ബാൽ, ജോൺ ബ്രിട്ടാസ് എം.പി, വി. വസീഫ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.