ഹിജാബിന് വേണ്ടി പോരാട്ടം തുടരും -ജി.ഐ.ഒ
text_fieldsകോഴിക്കോട്: ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതി അവിഭാജ്യ മതചര്യാ പരിശോധന നടത്തേണ്ടിയിരുന്നില്ല എന്ന സുപ്രീംകോടതി ജസ്റ്റിസ് സുധാൻശു ധൂലിയയുടെ പരാമർശം ഭരണഘടന, ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതും മുസ്ലിം പെൺകുട്ടികൾക്ക് പ്രതീക്ഷാവഹവുമാണെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
ഭിന്നവിധി ആയതിനാലും വിശാല ബെഞ്ചിന്റെ പരിഗണനക്കു വിട്ടതിനാലും നിർണായക വിഷയത്തിൽ അന്തിമ തീരുമാനം വൈകുന്നത് മുസ്ലിം പെൺകുട്ടികളുടെ അവസരങ്ങളെ ഇനിയും ബാധിക്കുമെന്നത് നിരാശജനകമാണ്. ഹിജാബ് വിഷയത്തിൽ ജി.ഐ.ഒ നിയമ, രാഷ്ട്രീയ പോരാട്ടങ്ങൾ തുടരുമെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ ആനിസ മുഹ് യിദ്ദീൻ, നസ്റീൻ പി. നസീർ, സെക്രട്ടറിമാരായ ലുലു മർജാൻ, ആശിഖ ഷിറിൻ, ഷിഫാന കെ. സുബൈർ എന്നിവർ സംസാരിച്ചു.
ജസ്റ്റിസ് ധുലിയയുടെ വിധി സ്വാഗതം ചെയ്ത് വനിത ജമാഅത്ത്
ന്യൂഡൽഹി: ഹിജാബ് കേസിൽ ജസ്റ്റിസ് സുധാൻശു ധുലിയ പുറപ്പെടുവിച്ച ഭിന്നവിധി ജമാഅത്തെ ഇസ്ലാമി ഹിന്ദ് വനിത വിങ് ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നീസ സ്വാഗതം ചെയ്തു. ഹിജാബ് സ്ത്രീയുടെ തിരഞ്ഞെടുപ്പിന്റെ വിഷയമാണെന്ന ജസ്റ്റിസ് ധുലിയയുടെ നിലപാടിനെ അഭിനന്ദിക്കുകയാണെന്ന് അവർ പറഞ്ഞു. അവശ്യ മതാനുഷ്ഠാനം പരിശോധിക്കുക എന്നത് കോടതിയുടെ പണിയല്ലെന്നും റഹ്മത്തുന്നീസ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.