ബി.ജെ.പിയിലെ പോര് രൂക്ഷമാക്കിയത് വോട്ട് ചോർച്ച
text_fieldsപാലക്കാട്: ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പിയിൽ പോര് രൂക്ഷമാക്കിയത് പാലക്കാട് നഗരസഭയിലെ വോട്ട് ചോർച്ചയും. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നാരോപിച്ച് ചെയർപേഴ്സൻ പ്രമീള ശശിധരൻ രംഗത്തെത്തിയത് നേതൃത്വം നഗരസഭയെ കുറ്റപ്പെടുത്തിയതോടെയാണ്.
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് പറഞ്ഞ് കൗൺസിലർമാരും കളം നിറഞ്ഞതോടെ നേതൃത്വം പ്രതിസന്ധിയിലായി. കനത്ത തോൽവിക്ക് കാരണം നഗരസഭ ഭരണത്തിലെ പിടിപ്പുകേടാണെന്ന മട്ടിൽ നേതൃത്വം അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ്, തങ്ങളെ കുറ്റം പറയേണ്ടെന്നും സി. കൃഷ്ണകുമാർ മോശം സ്ഥാനാർഥിയാണെന്നും ചെയർപേഴ്സനും കൗൺസിലർമാരും രംഗത്തെത്തിയത്.
പാലക്കാട് മണ്ഡലത്തിൽ പതിനായിരത്തോളം വോട്ടാണ് ബി.ജെ.പിക്ക് കുറഞ്ഞത്. ശക്തികേന്ദ്രമായി കരുതിയിരുന്ന നഗരസഭയിലും വോട്ട് ചോർന്നു. മൂത്താന്തറ, വടക്കന്തറ, കൽപാത്തി, കുമരപുരം എന്നിവിടങ്ങളിലാണ് ബി.ജെ.പിക്ക് ഉയർന്ന വോട്ട് വിഹിതമുള്ളത്. ഇവിടങ്ങളിലെല്ലാം വോട്ട് കൂടുമെന്നായിരുന്നു പ്രതീക്ഷ. കൗൺസിലർമാരല്ല തോൽവിക്ക് കാരണമെന്നും അവരുടെ തലയിൽ കെട്ടിവെക്കേണ്ടെന്നും ചൂണ്ടിക്കാട്ടി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ രംഗത്തെത്തിയതും നേതൃത്വത്തിന് തലവേദനയായി. സ്ഥാനാർഥിയുടെ ഭാര്യയുടെ വാർഡിൽ പോലും വോട്ട് കുറഞ്ഞത് എങ്ങനെയെന്നു ശിവരാജൻ ചോദിച്ചു.
അതിനിടെ, നേതൃത്വത്തിനെതിരെ പരസ്യവിമർശനം നടത്തിയ ചെയർപേഴ്സന് കോൺഗ്രസ് കൗൺസിലർമാർ മധുരം നൽകുന്ന ദൃശ്യങ്ങളും പ്രചരിച്ചു. പാർട്ടിക്കെതിരെ ഇതുവരെ ഒന്നും പറയാതിരുന്ന വ്യക്തിയാണ് പ്രമീയെന്നതും ശ്രദ്ധേയമാണ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും അച്ചടക്ക നടപടികളോ വിമർശനങ്ങളോ വന്നാൽ കൂട്ട രാജിയുണ്ടാകുമെന്നും കൗൺസിലർമാർ മുന്നറിയിപ്പ് നൽകിയതായാണ് സൂചന.
ഇരുപതോളം കൗൺസിലർമാരാണ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചത്. ആകെ 28 കൗൺസിലർമാരാണ് ബി.ജെ.പിക്ക് ഉള്ളത്. എന്നാൽ, രാജി ഭീഷണിയെന്നത് അഭ്യൂഹമാണെന്നും അടിത്തട്ടിൽനിന്ന് പ്രവർത്തിച്ചുവന്നവരാണ് കൗൺസിലർമാരെന്നും അവരിൽ ചിലർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.