പോരാട്ടം വിജയിച്ചു; കാവ്യ ഇന്ന് സ്വന്തം ഐഡൻറിറ്റിയിൽ 'കന്നിവോട്ട്' ചെയ്യും
text_fieldsപയ്യന്നൂർ: ഇതുവരെ മറ്റൊരാളായി വോട്ടുരേഖപ്പെടുത്തിയ കാവ്യ ഇന്ന് സ്വന്തം ഐഡൻറിറ്റിയിൽ വോട്ടു രേഖപ്പെടുത്തും. ട്രാൻസ് ജെൻഡർ എന്ന് രേഖകളിൽ ഉൾപ്പെടുത്താൻ സർക്കാർ തയാറായതോടെയാണ്, പയ്യന്നൂരിൽ ജനിച്ചുവളർന്ന കാവ്യ താനിഷ്ടപ്പെടുന്ന സ്വത്വത്തിൽ വോട്ടു രേഖപ്പെടുത്തുക.
മുമ്പ് ബിജു എന്ന പേരിലാണ് വോട്ടുചെയ്തിരുന്നത്. പുരുഷൻ എന്നായിരുന്നു പേരിനുനേരെ ചേർത്തിരുന്നത്. ഇത് സ്വന്തം ഐഡൻറിറ്റിയല്ലെന്ന് തിരിച്ചറിഞ്ഞ കാവ്യ സ്വന്തം വിഭാഗത്തിൽതന്നെ വോട്ടുചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ട്രാൻസ്െജൻഡർ വിഭാഗത്തെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെയാണ് കാവ്യക്ക് ഈ വിഭാഗത്തിൽതന്നെ വോട്ടു രേഖപ്പെടുത്താൻ അവസരമൊരുങ്ങിയത്. ട്രാൻസ് ജെൻഡർ വിഭാഗത്തിന് ആ അംഗീകാരം ലഭിക്കാൻ ഏറെ സമരത്തിന് നേതൃത്വം കൊടുത്തയാൾകൂടിയാണ് കാവ്യ.
കോറോം മുക്കോത്തടം എൽ.പി സ്കൂളിലെ 64ാം നമ്പർ ബൂത്തിലാണ് കാവ്യക്ക് വോട്ട്. കോറോത്ത് ജനിച്ചു വളർന്ന കാവ്യ ഇപ്പോൾ പയ്യന്നൂരിൽ വാടക വീട്ടിലാണ് അമ്മ കമലാക്ഷിയോടൊപ്പം താമസം. 32 വയസ്സുള്ള കാവ്യ എറണാകുളം ബ്യൂട്ടി ഇൻസ്റ്റിറ്റ്യൂട്ടിൽ മോഡലായി ജോലി ചെയ്യുകയാണ്. ഒരു ഫോട്ടോ ഷൂട്ടുമായി ബന്ധപ്പെട്ട് തിരൂരിലായിരുന്ന ഇവർ വോട്ടു ചെയ്യാനായി മാത്രം തിങ്കളാഴ്ച പയ്യന്നൂരിലെത്തി.
ദ്വയ ട്രാൻസ്ജെൻഡർ ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി എക്സിക്യൂട്ടിവ് മെംബർ, കണ്ണൂർ ജില്ല ജസ്റ്റിസ് ബോർഡ് മെംബർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. നേരത്തെ ട്രാൻജെൻഡർ എന്ന വിഭാഗം കേരളത്തിൽ ഇല്ലെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. ഇപ്പോഴത്തെ ഇടതു സർക്കാറാണ് ട്രാൻസ് ജെൻഡർ വിഭാഗത്തെ അംഗീകരിച്ചത്. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണി അധികാരത്തിൽ വന്നോട്ടെ.
എന്നാൽ, ഭരണം സാധാരണക്കാരനിലേക്ക് എത്തണം. ഇപ്പോഴും പെൻഷനും വീടും ലഭിക്കാത്ത നിരവധിപേർ കേരളത്തിലുണ്ട്. അവർക്കുകൂടി ആനുകൂല്യങ്ങൾ ലഭിക്കണം-കാവ്യ പറഞ്ഞു. എന്നും ട്രാൻസ് ജെൻഡർ എന്ന് അറിയാൻ തന്നെയാണ് ആഗ്രഹമെന്നും കാവ്യ 'മാധ്യമ'ത്തോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.