സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ചെലവുകൾ നേരിടാൻ കേരളം 2,000 കോടി കടമെടുക്കുന്നു
text_fieldsതിരുവനന്തപുരം: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരവെ ചെലവുകൾ നേരിടാൻ സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. 2000 കോടിയാണ് ഇക്കുറി കടമെടുക്കുന്നത്. ഈ മാസം ആദ്യം 2000 കോടി കടമെടുത്തിരുന്നു. അടുത്ത മാസത്തെ ശമ്പള പെൻഷൻ വിതരണം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കടമെടുപ്പ്.
കേന്ദ്ര സർക്കാർ കൊണ്ടു വന്ന കടമെടുപ്പ് നിയന്ത്രണം സർക്കാറിനെ പ്രയാസത്തിലാക്കിയിരുന്നു. ക്ഷേമ പെൻഷൻ വിതരണത്തെ വരെ ഇതു ബാധിച്ചു. നികുതി വരവ് വർധിച്ചെങ്കിലും സാഹചര്യം മെച്ചപ്പെട്ടില്ല. കേന്ദ്ര വിഹിതവും ഇക്കുറി ലഭിച്ചിരുന്നു.
സാമ്പത്തിക വർഷം അവസാന ഘട്ടത്തിലേക്ക് നീങ്ങവെ പദ്ധതി ചെലവുകൾക്കും കൂടുതൽ പണം വേണം. ജനുവരി മുതൽ വാർഷിക പദ്ധതി ചെലവ് ഉയരും. ഇപ്പോൾ ചെലവ് പല വകുപ്പുകളിലും വളരെ താഴെയാണ്. തീരെ ചെലവിടാത്ത വകുപ്പുകളുമുണ്ട്. ബജറ്റിലെ വിഹിതം നഷ്ടപ്പെടാതിരിക്കാൻ വകുപ്പുകൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ട്രഷറി നിയന്ത്രണം കർശനമായി തുടരുന്നു. ഉയർന്ന തുകയുടെ ബില്ലുകൾ പാസാക്കാൻ സർക്കാറിന്‍റെ മുൻകൂർ അനുമതിയും നിർബന്ധമാക്കി. അടുത്ത ബജറ്റ് തയാറാക്കാനുള്ള തയാറെടുപ്പിലാണ് നിലവിൽ ധനവകുപ്പ്.
കടമെടുക്കാതെ ഒരു മാസവും മുന്നോട്ടു പോകാൻ നിലവിൽ സർക്കാറിനാകുന്നില്ല. അനാവശ്യ ചെലവുകൾ ഒഴിവാക്കാനും സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാനുമുള്ള തീരുമാനങ്ങളൊന്നും ഇനിയും ഫലപ്രദമായിട്ടില്ല. 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നതിന് ധനവകുപ്പ് വിജ്ഞാപനമിറക്കി. ഇതിന്‍റെ ലേലം നവംബർ 29ന് മുംബൈയിലെ റിസർവ് ബാങ്ക് ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം പണം സർക്കാറിന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.