കുഴിയിൽ വീണ തെരുവുനായെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി
text_fieldsചാലക്കുടി: കുഴിയിൽ വീണ് കമ്പിക്കുള്ളിൽ തല കുടുങ്ങി അവശ സ്ഥിതിയിലായ നായ്ക്ക് ചാലക്കുടിയിലെ അഗ്നിരക്ഷ നിലയത്തിലെ ജീവനക്കാർ രക്ഷകരായി. നഗരത്തിലെ ചെറിയ കുറ്റിക്കാടിനുള്ളിലെ കുഴിയിൽ തെരുവുനായ് വീണുകിടക്കാൻ തുടങ്ങിയിട്ട് രണ്ട്-മൂന്ന് ദിവസത്തിലേറെയായി. കെട്ടിടത്തിെൻറ അടിത്തറക്ക് വർഷങ്ങൾക്ക് മുമ്പ് തൂണ് വാർക്കാൻ ഒരുക്കിയ കമ്പികൾക്ക് ഇടയിൽ തല പെട്ടു പോയതാണ് നായുടെ ദുരിതത്തിന് കാരണം. അതോടെ അവിടെനിന്ന് രക്ഷപ്പെടാനോ ഭക്ഷണമോ വെള്ളമോ കഴിക്കാനോ കഴിയാതെ അവശ സ്ഥിതിയിലായി. കുഴിയായതിനാലും ചുറ്റും കാട് വളർന്നു കിടക്കുന്നതിനാലും ആരുടെയും ശ്രദ്ധയിൽപെട്ടില്ല.
നായുടെ ദയനീയമായ നിലവിളി കേൾക്കാൻ തുടങ്ങിയതോടെയാണ് ആളുകളുടെ ശ്രദ്ധ പതിഞ്ഞത്. എന്നാൽ, ആരും അതിനടുത്തെത്താൻ ശ്രമിച്ചില്ല. സമീപത്തെ ഗ്രീൻസ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരൻ വിനേഷ് ചാലക്കുടി അഗ്നിരക്ഷ സേനയോട് ഞായറാഴ്ച ഉച്ചക്ക് സഹായം ആവശ്യപ്പെട്ട് വിളിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ചാലക്കുടി അഗ്നിരക്ഷ നിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫിസർ സി.ഒ. ജോയിയുടെ നേതൃത്വത്തിൽ ഫയർ ഓഫിസർ എം.എം. മിഥുൻ, ഹോം ഗാർഡ് അശോകൻ എന്നിവർ സ്ഥലത്തെത്തി. കാടും പടലും നീക്കാൻ നാട്ടുകാരും സഹായിച്ചു. ഒടുവിൽ കുഴിയിലിറങ്ങി ഉദ്യോഗസ്ഥർ നായുടെ തല കുടുങ്ങിയ കമ്പി മുറിച്ച് അതിനെ പുറത്തെടുക്കുകയായിരുന്നു. ദിവസങ്ങളായി ഭക്ഷണമൊന്നും കഴിക്കാതെ ജീവച്ഛവം പോലെയായിരുന്നു. എല്ലാവരും ചേർന്ന് അതിന് വെള്ളവും ഭക്ഷണവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.