തീ തുപ്പി പാഞ്ഞ കാർ വൈറലായി; നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്
text_fieldsതിരുവനന്തപുരം: സൈലൻസറിൽനിന്ന് തീ തുപ്പുന്ന കാറിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ മോട്ടോർ വാഹനവകുപ്പിന്‍റെ കർശന നടപടി. നിയമം ലംഘിച്ച് രൂപമാറ്റം വരുത്തിയ കാർ സമൂഹമാധ്യമങ്ങളിൽ വൈറലായ പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ ഇടപെടൽ.
വാഹനത്തിന്‍റെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നോട്ടീസ് നൽകി. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സമെന്‍റ് വിഭാഗം വാഹനം അന്വേഷിച്ച് പാറശ്ശാലയിലെ വീട്ടിലെത്തിയെങ്കിലും വീട്ടിൽ കാർ കണ്ടെത്താനായിട്ടില്ല.
വാഹനം തൃശൂരിലേക്ക് മാറ്റിയെന്നാണ് വിവരം. കൂട്ടിച്ചേർക്കലുകളെല്ലാം ഒഴിവാക്കി, വാഹനം രജിസ്ട്രേഷൻ സമയത്തേത് പോലെ പഴയപടിയാക്കി ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ആർ.സി റദ്ദാക്കുമെന്നുമാണ് ഉടമക്ക് നൽകിയ നോട്ടീസ്.
തീ തുപ്പുന്ന സൈലൻസറുകൾ ഘടിപ്പിച്ചെന്ന കുറ്റം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതിനു പുറമേ, എന്തൊക്കെ രൂപമാറ്റങ്ങളും നിയമലംഘനങ്ങളും നടത്തിയിട്ടുണ്ടെന്നത് വാഹനം കണ്ടെത്തിയാൽ മാത്രമേ ഉറപ്പുവരുത്താനാകൂ. തൃശൂരിൽ വാഹനമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്ക് നിർദേശം നൽകി.
ഏത് രീതി ഉപയോഗിച്ചാണ് തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ചതെന്നത് വ്യക്തമല്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മലപ്പുറത്ത് സമാനസ്വഭാവത്തിൽ വാഹനം പിടികൂടിയിരുന്നു. പ്രത്യേക സ്വിച് ഉപയോഗിച്ചാണ് സ്പാർക് ഉപകരണം പ്രവർത്തിപ്പിക്കുന്നത്.
പെട്രോൾ പമ്പുകളിൽ വെച്ച് ഇത്തരം സൈലൻസറുകൾ അബദ്ധത്തിൽ പ്രവർത്തിച്ചാൽ വലിയ അപകടത്തിന് ഇടയാവും. ഈ സാഹചര്യത്തിലാണ് ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.