കെ.എസ്.ആർ.ടി.സി- സിഫ്റ്റിന്റെ ആദ്യ എ.സി വോൾവോ ബസ് തലസ്ഥാനത്തെത്തി
text_fieldsതിരുവനന്തപുരം; ദീർഘ ദൂര സർവീസുകൾ നടത്തുന്നതിന് വേണ്ടി കെ.എസ്.ആർ.ടി.സി- സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി. വോൾവോ ബസുകളിൽ ആദ്യ ബസ് തലസ്ഥാനത്തെത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 8 എസി സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് ഇന്ന് ആനയറയിലെ കെ.എസ്.ആർ.ടി.സി- സിഫ്റ്റ് ആസ്ഥാനത്ത് എത്തിയത്.
സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ആധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയിൽപ്പെട്ട 100 ബസുകളിലെ ആദ്യത്തെ ബസാണിത്
ബാഗ്ലൂർ ആസ്ഥാനമായുള്ള വി.ഇ കോമേഴ്സ്യൽ വെഹിക്കിൽ പ്രൈവറ്റ് ലിമിറ്റഡ് ( വോൾവോ) എന്ന വാഹന നിർമ്മാതാവ് ബി.എസ്6 ശ്രേണിയിൽ ഉള്ള ഷാസിയിൽ സ്വന്തം ഫാക്ടറിയിൽ നിർമ്മിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസാണ് എത്തിയത്.14.95 മീറ്റർ നീളത്തോട് കൂടിയ ബസിൽ 11 ലിറ്റർ എഞ്ചിൻ , 430 എച്ച്.പി പവർ നൽകുന്നുണ്ട്. ഇന്ധന ക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഷ്റ്റ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമാണ് ഈ ബസുകളിൽ ഉള്ളത്. സുരക്ഷയെ മുൻ നിർത്തി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡറും എ.ബി.എസ്, ആൻഡ് ഇ.ബി.ഡി , ഇ. എസ്.പി എന്നീ സംവിധാനങ്ങളും ഈ ബസിന് നൽകിയിട്ടുണ്ട്. സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന് 8 എയർ ബെല്ലോയോട് കൂടിയ സസ്പെൻഷൻ സിസ്റ്റവും ട്യൂബ് ലെസ് ടയറുകളുമാണ് ബസുകളിൽ ഉള്ളത്.
ടെന്റർ നടപടികളിലൂടെ ബസ് ഒന്നിന് 1,38,50000 ( ഒരു കോടി മുപ്പത്തി എട്ട് ലക്ഷത്തി അമ്പതിനായിരം രൂപ)യ്ക്കാണ് ഈ ബസുകൾ വാങ്ങുന്നത്. 40 യാത്രക്കാർക്ക് സുഖകരമായി കിടന്ന് യാത്ര ചെയ്യുന്ന രീതിയിൽ സംയോജിപ്പിച്ചിരിക്കുന്ന ബെർത്തുകളാണ് ഈ ബസുകളിൽ ഉള്ളത്. ദീർഘ ദൂര യാത്രക്കാർക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യം.
ഇതോടൊപ്പം അശോക് ലൈലാന്റ് ഷാസിയിൽ നിർമ്മിച്ച 20 ലക്ഷ്വറി എ.സി ബസുകളും ഉടൻ ലഭ്യമാകും. 47.12 ലക്ഷം രൂപയാണ് ഒരു ബസിന്റെ വില. 11.7 മീറ്റർ നീളത്തിൽ നീളവും 197 എച്ച്.പി പവൻ നൽകുന്ന എഞ്ചിൻ, എയർ അസിസ്റ്റഡ് ഹൈഡ്രോളിക് ക്ലച്ച്, ഓവർ ഡ്രൈവോട് കൂടിയ 6 സ്പീഡ് ഗിയർ ബോക്സ്, ട്യൂബ് ലെസ് ടയറുകൾ, 4 വശവും എയർ സസ്പെൻഷൻ എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്.
ഈ ബസുകളിൽ 41 യാത്രക്കാർക്ക് യാത്ര ചെയ്യാവുന്നതും ഏറെ സൗകര്യ പ്രദമായതും സുഖകരമായ യാത്ര ഉറപ്പു വരുത്തുന്ന റിക്ലൈനിംഗ് സീറ്റുകളുമാണ് ഈ ബസുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. ദീർഘ ദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതൽ ലഗേജ് വെക്കുന്നതിനുള്ള ഇടം ഈ ബസുകളിൽ സജ്ജമാക്കിയിട്ടുണ്ട്. നാല് വശങ്ങളിലേയും എയർ സസ്പെൻഷൻ, യാത്ര കൂടുതൽ സുഖപ്രദമാക്കുന്നതിന് സഹായിക്കും.
ഈ ബസുകൾ എല്ലാവിധ സുരക്ഷാ മുൻകരുതലോട് കൂടി കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന ബസ് ബോഡി കോഡ് AIS:052 മാനദണ്ഡങ്ങളോട് കൂടിയാണ് ബസുകളുടെ ബോഡി നിർമ്മിച്ചിരിക്കുന്നത്. സുരക്ഷയെ മുൻനിർത്തി ഈ ബസുകളിൽ ഡ്യൂവൽ ക്യാമറ , വെഹിക്കിൽ ലോക്കേഷൻ ട്രാക്കിംഗ് ഡിവൈസ്, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.