നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത്: നാലു പ്രതികൾക്ക് കൂടി ജാമ്യം
text_fieldsതിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയെന്ന കേസിലെ നാലു പ്രതികള്‍കൂടി ജാമ്യത്തില്‍ പുറത്തിറങ്ങി. ഒന്നാം പ്രതിയും യു.എ.ഇ കോൺസുലേറ്റിലെ മുൻ പി.ആർ.ഒയുമായിരുന്ന പി.ആർ. സരിത്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരാണ് ചൊവ്വാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ഇവർക്കെതിരെ വിവിധ കേന്ദ്ര അന്വേഷണ ഏജൻസികളായ എൻ.െഎ.എ, ഇ.ഡി, കസ്റ്റംസ് എന്നിവയെല്ലാം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
എന്‍.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ ഇവർക്ക് ജാമ്യം ലഭിച്ചെങ്കിലും കസ്റ്റംസ് കൊഫെപോസ കേസിലെ കരുതൽ തടങ്കൽ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്. നാലു പ്രതികള്‍ കൂടി പുറത്തിറങ്ങിയതോടെ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യത്തിലായി. കേസിലെ മുഖ്യപ്രതികളെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്ന സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവര്‍ ദിവസങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയിരുന്നു.
സ്വപ്നക്ക് എറണാകുളം വിടാം; കേരളം വിടരുത്
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് എറണാകുളം ജില്ല വിട്ടുപോകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ നേരത്തേ ജാമ്യം അനുവദിച്ചപ്പോഴാണ് എറണാകുളം ജില്ല വിടരുതെന്ന് നിഷ്കർഷിച്ചിരുന്നത്. എന്നാൽ, തിരുവനന്തപുരത്തെ വീട്ടിൽ പോകണമെന്നും വ്യവസ്ഥ ഇളവ് ചെയ്യണമെന്നുമുള്ള സ്വപ്നയുടെ ആവശ്യത്തെ ഇ.ഡി എതിർത്തില്ല. സംസ്ഥാനം വിട്ടുപോകാതിരുന്നാൽ മതിയെന്ന ഇ.ഡിയുടെ നിലപാട് കണക്കിലെടുത്താണ് കോടതിയുടെ നടപടി.
നവംബർ ആറിനാണ് സ്വപ്ന ജയിൽമോചിതയായത്. ഇ.ഡി കേസിൽ നേരത്തേതന്നെ ജാമ്യം അനുവദിച്ചെങ്കിലും എൻ.ഐ.എയുടെ കേസിൽ ജാമ്യം ലഭിക്കാതെ വന്നതോടെയാണ് പുറത്തിറങ്ങൽ നീണ്ടത്. ഈ കേസിൽ ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്. സരിത്, റമീസ് എന്നിവർ അടക്കം ഏഴു പേർക്കും ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.