ജീവിതകഥകൾ ഇനി തൊട്ടറിഞ്ഞ് വായിക്കാം; ബ്രെയിലി ലിപിയിൽ ആദ്യ പുസ്തകം ഒരുങ്ങി
text_fieldsതിരുവനന്തപുരം: പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ചകൾ ഇനി തൊട്ടറിഞ്ഞ് അകക്കണ്ണിന്റെ വെളിച്ചത്തിൽ വായിച്ചറിയാം. മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ സനു കുമ്മിളിന്റെ ആദ്യ പുസ്തകമായ ‘അവിരാമ’മാണ് ബ്രെയിലി ലിപിയിൽ പുറത്തിറങ്ങുന്നത്. ‘വാരാദ്യ മാധ്യമ’ത്തിൽ എഴുതിയ ജീവിതകഥകളുടെ സമാഹാരമാണ് അവിരാമം.
കാഴ്ചപരിമിതരുടെ ലിപിയായ ബ്രെയിലി ലിപിയിൽ പ്രസിദ്ധീകരിക്കുന്ന ആദ്യ ജീവചരിത്ര കുറിപ്പ് കൂടിയാണ് അവിരാമം എന്ന പ്രത്യേകതയുമുണ്ട്. കോഴിക്കോട് രാമനാട്ടുകര സേവാമന്ദിരം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അയിഷ സമീഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ബ്രെയിലി ലിപിയിൽ സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കാൻ കാരണമായത്.
കോഴിക്കോട് നടന്ന സാഹിത്യമേളയിൽ പോയ ആയിഷക്ക് അന്ധർക്ക് വേണ്ട ഒരുപുസ്തകം പോലും ലഭിച്ചിരുന്നില്ല. പാഠപുസ്തകങ്ങൾക്കപ്പുറം ബ്രെയിൽ ലിപിയിൽ വായന പുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് സമ്മാനിക്കുന്നതായിരുന്നു അയിഷയുടെ ആ പോസ്റ്റ്.
ആ പോസ്റ്റാണ് തന്റെ ആദ്യ പുസ്തകം ബ്രെയിൽ ലിപിയിൽ പ്രസിദ്ധീകരിക്കാൻ പ്രേരണയായതെന്ന് സനു കുമ്മിൾ പറഞ്ഞു. രണ്ട് വർഷം മുമ്പാണ് സനുവിന്റെ ‘അവിരാമം’ പ്രസിദ്ധീകരിക്കപ്പെട്ടത്. സമൂഹത്തിലെ വിവിധതലങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന ഡസനിലേറെ സാധാരണ മനുഷ്യരുടെ ജീവിതങ്ങളായിരുന്നു പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. ആർ.പി.എൽ എസ്റ്റേറ്റിലെ ലയങ്ങളിൽ പതിറ്റാണ്ടുകളായി കഴിയുന്ന ശ്രീലങ്കൻ അഭയാർഥികളുടെയും മാനസിക രോഗികളെ പരിചരിച്ച് സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്ന റോസ്ലിൻ സിസ്റ്ററിന്റെയും ആകാശവാണിയിലൂടെ ചരിത്രം സൃഷ്ടിച്ച ടി.പി. രാധാമണിയുടെയുമെല്ലാം ജീവിതങ്ങൾ ആദ്യമായി അച്ചടിപുരണ്ടത് അവിരാമത്തിലൂടെയായിരുന്നു. സംസ്ഥാനത്തെ അന്ധവിദ്യാലയങ്ങളിൽ പുസ്തകം എത്തിക്കാനും പദ്ധതിയുണ്ട്.
ബ്രെയിൽ ലിപിയിലെ ആദ്യത്തെ ജീവചരിത്രക്കുറിപ്പുകളായി അവിരാമം പുറത്തിറക്കാൻ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത് ബ്രെയിലി ലിപിയിൽ ആദ്യ കവിത സമാഹാരം പ്രസിദ്ധീകരിച്ച അനീഷ് സ്നേഹയാത്രയും സാമൂഹിക പ്രവർത്തകനായ മഹേഷ് മണിരാജുമാണ്. നാഷ്മിയാണ് സനുവിന്റെ ഭാര്യ. മക്കൾ: നെയ്റ സനു, ഇതൾ സനു.-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.