വൈദ്യുതി നിരക്ക് വര്‍ധനവില്‍ ഒന്നാം പ്രതി സര്‍ക്കാര്‍-വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിനും വൈദ്യുതി പ്രതിസന്ധിക്കും പ്രധാന കാരണം ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടികളാണെന്ന് കുറ്റപ്പെടുത്തി മുഖം രക്ഷിക്കാനാണ് സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിരക്ക് വര്‍ധനവില്‍ ഒന്നാം പ്രതി സര്‍ക്കാരും രണ്ടാം പ്രതി റെഗുലേറ്ററി കമ്മീഷനുമാണ്. മുന്‍ വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആളാണ് കമ്മിഷനിലെ ഒരംഗം.
കെ.എസ്.ഇ.ബിയിലെ സി.പി.എം സംഘടനാ നേതാവായിരുന്ന ആള്‍ രണ്ടാമത്തെ അംഗം. ചെയര്‍മാനും സര്‍ക്കാര്‍ നോമിനി. സര്‍ക്കാരിന്റെ ഉള്ളറിഞ്ഞ് മാത്രമേ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുക്കൂവെന്ന് വ്യക്തം. യു.ഡി.എഫ് കാലത്തെ കുറഞ്ഞ നിരക്കിലുള്ള ദീര്‍ഘകാല വൈദ്യുതി കരാരുകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത് റെഗുലേറ്ററി കമ്മിഷന്‍ ആണെങ്കിലും ആ തീരുമാനം കെ.എസ്.ഇ.ബിയുടെ അറിവോടെയായിരുന്നു.
സി.പി.എം നേതൃത്വം കൂടി അറിഞ്ഞ് നടന്ന അട്ടിമറിയായിരുന്നു കുറഞ്ഞ നിരക്കിലുള്ള ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയത്. യൂണിറ്റിറ് 4 രൂപ 29 പൈസയ്ക്കുള്ള കരാര്‍ റദ്ദാക്കി 12 രൂപയ്ക്കും 14 രൂപയ്ക്കും ഒരു യൂണിറ്റ് വൈദ്യുതി വാങ്ങി. പിണറായി സര്‍ക്കാരിന് കീഴില്‍ മാത്രമേ ഇതൊക്കെ നടക്കുകയുള്ളൂ. അഴിമതി പണം ഏതൊക്കെ പെട്ടിയിലേക്കാണ് പോയത് എന്നാണ് ഇനി അറിയേണ്ടത്.
കേരളത്തിലെ സാധാരണക്കാരെ അറിഞ്ഞു കൊണ്ട് ചതിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 2040 വരെയുള്ള യു.ഡി.എഫ് കാലത്തെ ദീര്‍ഘകാല കരാറുകള്‍ തുടര്‍ന്നിരുന്നുവെങ്കില്‍ നിരക്ക് വര്‍ധന ഒഴിവാക്കാമായിരുന്നു. അദാനി അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് 2000 കോടിയിലധികം ലാഭമുണ്ടായപ്പോള്‍ അഴിമതിയുടേയും കൊള്ളയുടെയും പാപഭാരം പൊതുജനത്തിന്റെ മുകളിലുമായെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.