ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോയ ആദ്യ സംഘം വെള്ളിയാഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തും
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ആദ്യ സംഘം വെള്ളിയാഴ്ച രാത്രി 10:45 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തും. സൗദി സമയം വൈകുന്നേരം 5 മണിക്ക് ജിദ്ദ വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന സൗദി അറേബ്യന്‍ എയര്‍ ലൈന്‍സിന്റെ എസ് വി 5702 നമ്പര്‍ വിമാനത്തില്‍ 377 തീർഥാടകരാണ് ഉണ്ടാവുക.
ജൂണ്‍ 4 ന് ആദ്യ വിമാനത്തില്‍ പുറപ്പെട്ട തീർഥാടകരാണ് മടക്ക യാത്രയുടെ ആദ്യ വിമാനത്തില്‍ എത്തുന്നത്. ആദ്യ സംഘത്തെ സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാന്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, ഹൈബി ഈഡന്‍ എം. പി അന്‍വര്‍ സാദത്ത് എം.എല്‍ എ, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
രണ്ടാമത്തെ വിമാനം രാത്രി 12.40 ന് എത്തിച്ചേരും. തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും സിയാലിന്റെയും നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ടെര്‍മിനലിനു പുറത്ത് എത്തുന്ന ഹാജിമാര്‍ക്ക് കവര്‍ നമ്പര്‍ പ്രകാരം ലഗേജ് ലഭ്യമാക്കുന്നതിനു പ്രത്യേക വോളണ്ടിയര്‍മാര്‍ സേവനത്തിനുണ്ടാവും. ടെര്‍മിനല്‍ മൂന്നില്‍ ഗ്രൗണ്ട് പില്ലര്‍ നം. എഴ്, എട്ട് ഭാഗങ്ങളിലൂടെയാണ് ഹാജിമാര്‍ പുറത്തേക്ക് എത്തുക.
ഓരോ ഹാജിമാര്‍ക്കും അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം എയര്‍പോര്‍ട്ടില്‍ നിന്നും നല്‍കും. ഇത് സൗദി എയര്‍ലൈന്‍സ് വിമാനങ്ങളില്‍ നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തിച്ചിരുന്നു. ആഗസ്റ്റ് 1 വരെ 21 വിമാനങ്ങളിലായാണ് ഹാജിമാരുടെ മടക്ക യാത്ര ക്രമീകരിച്ചിട്ടുള്ളത്.
അതേസമയം ജംറകളിലെ കല്ലേര്‍ കർമം പൂര്‍ത്തിയാക്കി മിനാ താഴ്‌വരയോട് യാത്ര പറഞ്ഞ് ഹാജിമാര്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ അസീസിയ്യയിലെ താമസ സ്ഥലങ്ങളില്‍ എത്തിച്ചേര്‍ന്നു. വരും ദിവസങ്ങളില്‍ ഹാജിമാര്‍ വിടവാങ്ങല്‍ തവാഫ് നിർവഹിക്കും.
കേരളത്തില്‍ നിന്നുള്ള തീർഥാടകരുടെ യാത്ര ഇത്തവണ ആദ്യ ഘട്ടത്തിലായതിനാല്‍ ഹജ്ജിനു മുമ്പ് തന്നെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു. ഹാജിമാരുടെ മടക്കയാത്രയുടെ വിമാന സമയത്തിനനുസരിച്ച് താമസ സ്ഥലത്ത് നിന്നും ഇന്ത്യന്‍ ഹജ്ജ് മിഷന്റെ പ്രത്യേക ബസില്‍ മുത്വവ്വിഫുമാരുടെ നേതൃത്വത്തില്‍ ജിദ്ദയിലെ വിമാനത്താവളത്തില്‍ എത്തിക്കും.
ജൂണ്‍ നാലു മുതല്‍ 16 വരെയുള്ള ദിവസങ്ങളിലായി 21 വിമാനങ്ങളിലായി 7727 തീര്‍ത്ഥാടകരാണ് ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശ്ശേരി വഴി ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെട്ടത്. ഇതില്‍ 5766 പേര്‍ കേരളത്തില്‍ നിന്നുള്ളവരും 1672 പേര്‍ തമിഴ്‌നാട്, 143 പേര്‍ ലക്ഷദ്വീപ്, 103 പേര്‍ അന്തമാന്‍, 43 പേര്‍ പോണ്ടിച്ചേരി എന്നീ സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുള്ളവരുമാണ്. കേരളത്തില്‍ നിന്നും ഇത്തവണഹജ്ജ് യാത്രക്കു പുറപ്പെട്ടവരില്‍ കരേക്കാട് അബൂബക്കര്‍ എന്ന തീർഥാടകൻ ജൂണ്‍ 6 ന് മദീനയില്‍ വെച്ച് മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.