വിവാദങ്ങളുടെ കെട്ട് പൊട്ടിച്ച് ഫ്ലോട്ടിങ് ബ്രിഡ്ജ്
text_fieldsതകർന്നെന്ന വാർത്ത വ്യാജം -എം.എൽ.എ
ചാവക്കാട്: ബീച്ചിൽ പൊതുമരാമത്ത് മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവെന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും യാഥാർഥ്യവുമായി പുലബന്ധമില്ലെന്നും എൻ.കെ. അക്ബർ എം.എൽ.എ. സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൽനിന്ന് ലഭിച്ച ജാഗ്രത നിർദേശപ്രകാരം ഉയർന്ന തിരമാല ഉള്ളതിനാലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റാൻ തീരുമാനിച്ചത്.
എന്നാൽ ചൊവ്വാഴ്ച രാവിലെ വേലിയേറ്റമുണ്ടായതിന്റെ ഭാഗമായി തിരമാല ശക്തമായിരുന്നതിനാൽ അഴിച്ചുമാറ്റാൻ സാധിച്ചില്ല. തുടർന്ന് ഉച്ചക്കുശേഷം അഴിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു. ബീച്ചിൽ വന്ന സഞ്ചാരികൾക്ക് ഫ്ലോട്ടിങ് ബ്രിഡ്ജിൽ പ്രവേശനമില്ല എന്നും അറിയിച്ചിരുന്നു. ഓരോ ഭാഗങ്ങളായാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റിയത്. തെറ്റിദ്ധാരണ കൊണ്ട് മാത്രമാണ് പാലം പിളർന്നുവെന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചത്.
ഫ്ലോട്ടിങ് ബ്രിഡ്ജ് സെന്റർ പിന്നുകളാൽ ബന്ധിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. തിരമാല കൂടിയ സമയത്ത് ഇത്തരം സെന്റർ പിന്നുകൾ അഴിച്ച് വ്യത്യസ്ത ഭാഗങ്ങളായി കരയിലേക്ക് കയറ്റിവെക്കാനാകും. ടൂറിസം മേഖലയിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനുള്ള ചില ശക്തികളുടെ ശ്രമം പൂർണമായി തള്ളണമെന്നും എം.എൽ.എ പറഞ്ഞു. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം ജാഗ്രത നിർദേശം പിൻവലിക്കുന്ന മുറക്ക് പ്രവർത്തനം പുനരാരംഭിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
ചാവക്കാട്: വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ സാഹസിക ടൂറിസത്തിന്റെ പേരിൽ ചാവക്കാട് ബീച്ചിൽ വിനോദസഞ്ചാരികൾക്കായി സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് മരണക്കെണിയാണെന്ന് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, മുൻ പ്രസിഡൻറ് സി.എ. ഗോപപ്രതാപൻ എന്നിവർ കുറ്റപ്പെടുത്തി.
ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതിനും ജനങ്ങളെ കൊള്ളയടിക്കുന്നതിനും വേണ്ടി മാത്രമാണ് നഗരസഭ ഈ പദ്ധതിക്ക് അനുമതി നൽകിയത്. കേരളത്തിലെ ദുരന്ത ബീച്ചായി അധികൃതർ തന്നെ രേഖപ്പെടുത്തിയ ബ്ലാങ്ങാട് ബീച്ച് ഏറ്റവും ഉയർന്ന തരത്തിൽ തിരമാല അടിക്കുന്ന ഇടമാണ്. നിരവധി ആളുകളാണ് ഇവിടെ മരണപ്പെട്ടിട്ടുള്ളത്.
സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ കലക്ടർ നഗരസഭ സെക്രട്ടറിയോട് നിർദേശിച്ചിട്ടും നടപടിയെടുത്തിട്ടില്ല. തിരയില്ലാത്ത കടലിൽ മാത്രം നടപ്പാക്കേണ്ട പദ്ധതിയാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്. ഇത് മനസ്സിലാക്കാതെയാണ് നഗരസഭ സ്വകാര്യ വ്യക്തികളുമായി അവിഹിത ഇടപാട് നടത്തി പദ്ധതി ഒരുക്കിയത്.
പദ്ധതിക്ക് തുറമുഖ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. ഫ്ലോട്ടിങ് ബ്രിഡ്ജ് തുടർന്ന് പ്രവർത്തിപ്പിക്കാൻ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അനുവദിക്കില്ലെന്നും നേതാക്കൾ അറിയിച്ചു. അതേസമയം, ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിപ്പിക്കാൻ അനുമതി നൽകും മുമ്പ് സുരക്ഷ സംവിധാനം പരിശോധിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർ കെ.വി. സത്താർ കലക്ടർക്ക് നിവേദനം അയച്ചു.
എം.എൽ.എ ജനത്തിന്റെ ജീവൻ പന്താടുന്നു -യൂത്ത് ലീഗ്
ചാവക്കാട്: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ധൃതി പിടിച്ച് നടപ്പാക്കിയ ബ്ലാങ്ങാട് ബീച്ച് ഫ്ലോട്ടിങ് ബ്രിഡ്ജിന് ശൈശവത്തിൽ പൊലിയേണ്ടി വന്നത് എം.എൽ.എയുടെ പിടിപ്പ്കേടുകൊണ്ടാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. അവധി ദിനം അല്ലാത്തതിനാലും സന്ദർശകർ കുറവായതിനാലുമാണ് അപകടം ഇല്ലാതെ പോയത്.
സുരക്ഷ ആശങ്കകൾ അവഗണിച്ച എം.എൽ.എയും നഗരസഭയും ജനങ്ങളുടെ ജീവൻ പന്താടുകയാണ്. ബ്രിഡ്ജ് നിർമാണത്തിൽ അഴിമതിയുണ്ടെന്നും ആരോപിച്ചു. പ്രസിഡന്റ് ടി.ആർ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കബീർ ഫൈസി, എം.സി. ഗഫൂർ, ഹനീഫ ഒരുമനയൂർ, റിയാസ് ചാവക്കാട്, സുൽഫിക്കർ എടക്കഴിയൂർ, മുനീർ കടവിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.