വ്യാജൻ എന്ന ന്യൂജൻ ഭീഷണി
text_fieldsമലപ്പുറം: സൈബർ യുഗത്തിൽ സമൂഹമാധ്യമങ്ങളിൽ സജീവമായവർ ഫേക്ക് എന്ന വാക്ക് ഉപയോഗിക്കാത്ത ദിവസമുണ്ടാവില്ല. വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ഷെയർ ചെയ്യപ്പെടുന്ന വിഡിയോകളും ടെക്സ്റ്റും ചിത്രങ്ങളും വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുമ്പ് ഒറിജിനലാണോ എന്ന് ഉറപ്പാക്കുക വലിയ വെല്ലുവിളി തന്നെ. തെരഞ്ഞെടുപ്പ് സീസൺ വ്യാജന്മാരുടെ കൊയ്ത്തുകാലമാണ്.
സമാധാനം കളഞ്ഞ 'സമദാനി'യും മജീദിെൻറ 'ആത്മഹത്യ' ഭീഷണിയും
മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എം.പി. അബ്ദുസ്സമദ് സമദാനിയുടേതെന്ന് പറഞ്ഞ് ഒരു വിഡിയോ പ്രചരിച്ചിരുന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെയും അനുയായികളെയും രൂക്ഷഭാഷയിൽ വിമർശിച്ച് 'സമദാനി' പ്രസംഗിക്കുന്നതായിരുന്നു ദൃശ്യം. ഇത് ശ്രദ്ധയിൽപെട്ടയുടൻ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി പൊലീസിലും വരണാധികാരിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകി.
സമദാനിയുടേതെന്ന വ്യാജേന അദ്ദേഹത്തിെൻറ ദൃശ്യങ്ങളോടെ പ്രചരിപ്പിച്ചത് അതേ സംസാരശൈലിയുള്ള മറ്റൊരു നേതാവ് പ്രസംഗിച്ച ഭാഗങ്ങളായിരുന്നു. തിരൂരങ്ങാടിയിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളെത്തുടർന്ന് ലീഗ് നേതാവ് കെ.പി.എ. മജീദ് ആത്മഹത്യ ഭീഷണി മുഴക്കിയെന്ന വ്യാജ വാർത്തയും ഇടക്ക് ഓടി. ചാനൽ സ്ക്രീൻഷോട്ട് സഹിതമായിരുന്നു പ്രചാരണം. ഇതിനെതിരെ ചാനൽ അധികൃതർ തന്നെ രംഗത്തുവന്നു.
വാളിലെ അരി മുതൽ അരിവാൾ വരെ
''കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന ഭാരതീയ ജനത പാർട്ടിയുടെ പിന്തുണയുള്ള LDF സ്ഥാനാർഥി. കൂത്തുപറമ്പിെൻറ വികസനത്തിന് സഖാ. പിണറായി വിജയനെ, ചുറ്റിക അരിവാൾ നക്ഷത്രം, അടയാളത്തിൽ വോട്ട് ചെയ്തു വിജയിപ്പിക്കുക'' എന്നൊരു പോസ്റ്റർ ദേശാഭിമാനി പത്രത്തിെൻറ 1971ലെ ഒന്നാം പേജെന്ന വ്യജേന വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ഇത് വ്യാജനാണെന്ന് തെറ്റുകളും വസ്തുതകളും വിലയിരുത്തുമ്പോൾ തന്നെ വ്യക്തം.''ഞങ്ങളുടെ അരി പൂഴ്ത്തിവെച്ച പിണറായി വിജയെൻറ പാർട്ടിക്ക് എെൻറ അച്ഛനമ്മമാരുടെയും കുടുംബക്കാരുടെയും വോട്ടില്ല'' എന്നെഴുതിയ കാര്‍ഡുമായി നില്ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമ വാളിൽ വൈറലാണ്. എന്നാല്‍, ആ ചിത്രം ഫോട്ടോഷോപ് ചെയ്ത് വ്യാജമായി നിര്‍മിച്ചതാണെന്ന് കുട്ടിയുടെ പിതാവ് തന്നെ വ്യക്തമാക്കി. പൗരത്വ വിഷയത്തിൽ യു.ഡി.എഫിനെ പിന്തുണക്കുകയും സി.പി.എമ്മിനെയും പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന തരത്തിൽ ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ പേരിൽ ഫേസ്ബുക്ക് പോസ്റ്റ് സ്ക്രീൻഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇത് പേക്ഷ, പേജിൽ കാണുന്നില്ല.
ഒറിജിനലല്ല, ഉറപ്പാണ്
''കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഗോവധ നിരോധനം നടപ്പിലാക്കും -പ്രിയങ്ക ഗാന്ധി''... ഇങ്ങനൊരു വ്യാജ പോസ്റ്റിന് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം ലഭിച്ചിരുന്നു. ബി.ജെ.പിക്ക് വോട്ടഭ്യർഥിച്ച് സിനിമതാരങ്ങളുടെ പേരിലും വ്യാജ പോസ്റ്ററുകൾ നിർമിക്കപ്പെട്ടു. മഞ്ചേരിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി. അബ്ദുൽ നാസറിെൻറ വോട്ടഭ്യർഥന നോട്ടീസിലെ ഒരു വാചകം ഇങ്ങനെ: ''നമ്മുടെ നാടിെൻറ വികസനത്തിനും നന്മക്കും ഈ ദുർഭരണത്തെ തുടച്ചുനീക്കുന്നതിനുമായി ഈ പോരാട്ടത്തിൽ നമുക്ക് ഒരുമിച്ച് ജയിക്കാം''- എൽ.ഡി.എഫുകാർ ഇങ്ങനൊരു നോട്ടീസിറക്കില്ല, ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.