യുവാക്കളുടെ വിദേശയൊഴുക്ക് ബ്രെയിൻ ഡ്രെയിനല്ല, കഴിവുകളുടെ ദൃഷ്ടാന്തം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: യുവാക്കൾ തൊഴിൽ തേടി വിദേശത്തേക്ക് പോകുന്നതിനെ കേവലം ബ്രെയിൻ ഡ്രെയിനായി ചുരുക്കിക്കാണേണ്ടതില്ലെന്നും കേരളത്തിന്റെ സാമൂഹികമൂലധനത്തെ ലോകത്താകെ വിന്യസിക്കുന്ന പ്രക്രിയയായി ഇതിനെ കാണാൻ കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലുകൾ ഇല്ലാത്തതോ മാന്യമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യമില്ലാത്തതോ ആയ സ്ഥലമാണ് കേരളമെന്ന് പലരും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കൾ വിദേശത്തേക്ക് പോകുന്നത് ഇതുകൊണ്ടാണെന്ന് അത്തരക്കാർ ആക്ഷേപിക്കാറുണ്ട്.
നമ്മുടെ യുവാക്കൾ തങ്ങളുടെ ശേഷികൾക്കനുസൃതമായ തൊഴിലുകൾ തേടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പോകാറുണ്ടെന്നത് വസ്തുതയാണ്. കുടിയേറ്റത്തിന്റെ ഒരു നൂറ്റാണ്ടിലധികം നീളുന്ന ചരിത്രം തന്നെ കേരളത്തിനുണ്ട്. ഏത് നൂതന മേഖലയിലും ലോകത്താകെ ഇന്ന് മലയാളികളുള്ളത് നമ്മൾ ആ മേഖലകളിലെല്ലാം മികച്ച ശേഷികൾ കൈവരിച്ചതുകൊണ്ടാണ്. അതുകൊണ്ട് കേരളീയരുടെ പ്രവാസം നമ്മൾ ആർജിച്ച കഴിവുകളുടെയും ശേഷികളുടെയും ദൃഷ്ടാന്തമാണ്.
ചെറുപ്പക്കാർ വിദേശത്ത് പോകുമ്പോൾ അവർക്കുവേണ്ട സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ട്. സ്വകാര്യ ഏജൻസികളുടെ തട്ടിപ്പുകളിൽ നിന്ന് തൊഴിലന്വേഷകരെ മോചിപ്പിച്ചുകൊണ്ടാണ് ഒഡെപെക് എന്ന സംവിധാനം നടപ്പാക്കിയിട്ടുള്ളത്. നാലുവർഷം കൊണ്ട് 1625 പേരെയാണ് ഒഡെപെക്കിലൂടെ റിക്രൂട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.