അരിയിൽ കൊമ്പുകോർത്ത് ഭക്ഷ്യവകുപ്പും ഭക്ഷ്യകമീഷനും
text_fieldsതിരുവനന്തപുരം: ഇ-പോസ് മെഷീനിലെ സാങ്കേതിക തകരാറിനെതുടർന്ന് റേഷൻ ലഭിക്കാത്ത മുൻഗണന കാർഡുകാർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിൽ കൊമ്പുകോർത്ത് ഭക്ഷ്യവകുപ്പും ഭക്ഷ്യകമീഷനും. ഉത്തരവിൽ ഭക്ഷ്യമന്ത്രിയുടെ ഓഫിസ്, കമീഷൻ ചെയർമാൻ കെ.വി. മോഹൻകുമാറിനെ കടുത്ത അതൃപ്തി അറിയിച്ചു.
വകുപ്പിനെ താറടിച്ച് കാട്ടുന്ന ശ്രമങ്ങളാണ് ചെയർമാന്റെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടാകുന്നതെന്നും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടണമെന്നും മന്ത്രിയുടെ ഓഫിസ് ചെയർമാന് താക്കീത് നൽകി. മന്ത്രി ഓഫിസിലെ ഉന്നതന്റെ ഭീഷണിക്കെതിരെ ചെയർമാനും ശക്തമായ ഭാഷയിൽ പ്രതികരിച്ചതായാണ് വിവരം. സാങ്കേതിക തകരാർ മൂലം കടകൾ അടച്ചിട്ടതോടെ മുൻഗണന വിഭാഗത്തിലെ പലർക്കും കടകളിലെത്താനായില്ലെന്ന മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരിയുടെ പരാതിയിലാണ് റേഷൻ നഷ്ടമായവർക്ക് അലവൻസ് നൽകണമെന്ന് കമീഷൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. മഞ്ഞ, പിങ്ക് കാർഡുകാരിൽ ആർക്കൊക്കെ റേഷൻ ലഭിച്ചില്ലെന്ന് നോഡൽ ഓഫിസർമാർ കടകൾ പരിശോധിച്ച് റിപ്പോർട്ട് നൽകണം.
ജില്ലതല പരാതിപരിഹാര ഓഫിസർമാരായ അഡീഷനൽ ജില്ല മജിസ്ട്രേട്ട് ഈ റിപ്പോർട്ട് പരിശോധിച്ച് കമീഷനെ അറിയിക്കണം. ഇതിനു ശേഷമാകും അലവൻസ് നൽകാൻ കമീഷൻ സർക്കാറിനോട് ആവശ്യപ്പെടുക. കടകളിൽ എത്താതിരുന്നവർക്ക് അലവൻസ് ലഭിക്കില്ല.
കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം ഗുണമേന്മയുള്ള മതിയായ ഭക്ഷണം ലഭിച്ചില്ലെങ്കിൽ ഒരു വ്യക്തിക്ക് നിയമപ്രകാരം പരാതി നൽകാനും അതിന് നഷ്ടപരിഹാരം ലഭിക്കാനും അവകാശമുണ്ട്. സർവർ തകരാർമൂലം നിരന്തരം റേഷൻ മുടങ്ങിയിട്ടും കാർഡുടമകൾ ആരും പരാതിയുമായി ഭക്ഷ്യ കമീഷനെ സമീപിച്ചിരുന്നില്ല. പരാതി ലഭിച്ചതോടെയാണ് നിയമാനുസൃതമായ നടപടികളിലേക്ക് ഭക്ഷ്യകമീഷൻ കടന്നത്.
എന്നാൽ, ഉത്തരവിനെ പ്രതിരോധിക്കാനുള്ള നടപടികൾ ഭക്ഷ്യവകുപ്പ് ആരംഭിച്ചു. ഏപ്രിൽ 30ന് അവസാനിക്കേണ്ട വിതരണം സെർവർ തകരാറിനെ തുടർന്ന് മേയ് അഞ്ചുവരെ നീട്ടിയെന്നാണ് ഭക്ഷ്യവകുപ്പിന്റെ വാദം. കടയിൽ വന്നശേഷം മുൻഗണന കാർഡുകാർ റേഷൻ കിട്ടാതെ മടങ്ങിയതിന് തെളിവില്ല. അതുകൊണ്ടുതന്നെ കമീഷന് നിർദേശം ധിറുതിയിൽ നടപ്പാക്കേണ്ടതില്ലെന്നും നോഡൽ ഓഫിസർമാർക്ക് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. നേരത്തേയും ഭക്ഷ്യ കമീഷന്റെ നടപടികളെ ചോദ്യം ചെയ്ത് ഭക്ഷ്യവകുപ്പ് രംഗത്തെത്തിയിരുന്നു. റേഷൻ വിതരണ ക്രമക്കേടിനെതുടർന്ന് ഭക്ഷ്യ കമീഷൻ നിർദേശപ്രകാരം കട സസ്പെൻഡ് ചെയ്ത ടി.എസ്.ഒയെ സ്ഥലംമാറ്റിയാണ് ഭക്ഷ്യവകുപ്പ് അന്ന് കമീഷന് മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.