ചാലിശ്ശേരിയുടെ കാല്‍പന്തുകളിക്കാരന് മംഗളാശംസ നേര്‍ന്ന് ഫുട്ബാൾ ലോകം
text_fieldsകൂറ്റനാട്: കേരള പൊലീസ് ഫുട്ബാൾ ക്യാപ്റ്റൻ ശ്രീരാഗിന്റെ വിവാഹം ആഘോഷമാക്കി നാട്ടുകാരും സഹതാരങ്ങളും. ചാലിശ്ശേരി വലിയ വീട്ടുവളപ്പിൽ ശ്രീരാഗും തൃശൂർ ആറ്റൂർ പാലഞ്ചേരി വീട്ടിൽ വിജിഷയും തമ്മിലെ വിവാഹം ബുധനാഴ്ച ആറ്റൂർ കാർത്ത്യാനി ഭഗവതി ക്ഷേത്രത്തിലാണ് നടന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബായ ചെൽസി നവദമ്പതിമാർക്ക് ആശംസകൾ അറിയിച്ചത് ആഘോഷങ്ങളുടെ മാറ്റുകൂട്ടി.
ഗ്രാമവാസികളുടെ അമ്പാടിയായ ശ്രീരാഗിന് ബാല്യം മുതൽ ഫുട്ബാൾ ജീവനു തുല്യമായിരുന്നു. ചെൽസി ക്ലബിന്റെ കടുത്ത ആരാധകൻ കൂടിയാണ് ഇദ്ദേഹം. ടീമിനെയും കാൽപന്ത് കളിയെയും സ്നേഹിക്കുന്ന അമ്പാടിക്കുള്ള സ്നേഹ സമ്മാനമാണ് ചെൽസിയുടെ ഇ-മെയിൽ ആശംസ.
അഞ്ച് വർഷം തുടർച്ചയായി കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫിയിൽ കളിച്ച ശ്രീരാഗ്, 2017ൽ കൊൽക്കത്തയിൽ കിരീടം നേടിയ ടീമിലെ അംഗമായിരുന്നു. കേരള പൊലീസിന് പുറമെ നാട്ടിലെ ചാലിശ്ശേരി ജി.സി.സി ക്ലബിന് വേണ്ടിയും ബൂട്ടണിയാറുണ്ട്.
ബുധനാഴ്ച വൈകീട്ട് ചാലിശ്ശേരി പി.പി ഓഡിറ്റോറിയത്തിൽ മുൻ ഇന്ത്യൻ നായകൻ ഐ.എം. വിജയന്റെ നേതൃത്വത്തിൽ ദമ്പതിമാർക്ക് ആശംസകൾ അർപ്പിച്ച് പൊലീസ് താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളുമെത്തി. ജി.സി.സി ക്ലബ് നവ ദമ്പതിമാർക്ക് സ്നേഹോപഹാരവും മംഗളപത്രവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.