കാട്ടാന ചെരിഞ്ഞ സംഭവം; ഭൂവുടമയെ അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പ് നീക്കം
text_fieldsഅടിമാലി: കഴിഞ്ഞ ദിവസം കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ ഭൂവുടമയെ അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പ് നീക്കം. കാഞ്ഞിരവേലിയില്‍ കൃഷിയിടത്തില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞ സംഭവത്തിലാണ് വനംവകുപ്പ് നടപടി. ഭൂ ഉടമക്കെതിരെ കേസെടുത്ത വനംവകുപ്പ് അറസ്റ്റ് ഉള്‍പ്പെടെ നടപടിയിലേക്ക് നീങ്ങുകയാണ്. അങ്ങനെയെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നാട്ടുകാര്‍ തയാറെടുക്കുന്നതായും വിവരമുണ്ട്. ഇവിടെ മൂന്ന് മാസം മുമ്പ് വയോധികയെ കാട്ടാന ചവിട്ടി കൊന്നിരുന്നു.
വിഷയത്തില്‍ ഇടപെടാതെ മാറിനിന്ന വനംവകുപ്പ് കാട്ടാന ചരിഞ്ഞതോടെ കര്‍ഷകവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. കൃഷിയിടങ്ങളിലേക്ക് കാട്ടാനകള്‍ ഇറങ്ങാതിരിക്കാന്‍ ഒന്നും ചെയ്യുന്നുമില്ല. ഇവിടെ കാട്ടാനകള്‍ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായി വളര്‍ന്നിട്ടും നടപടിയില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കാട്ടാനയെ നേരിടാന്‍ ജീവനക്കാരുടെ കുറവാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നം. എന്നാല്‍ വന്യജീവികളെ തുരത്താന്‍ രൂപീകരിച്ച ആര്.ആര്.ടി (റാപിഡ് റെസ്പോണ്‍സ് ടീം) മേഖലയില്‍ പ്രവര്‍ത്തിക്കാത്തതിൽ മൗനമാണ് ഉത്തരം.
കൃഷി നശിപ്പിച്ച് കാട്ടാനകള്‍ വിഹരിക്കുമ്പോൾ നിര്‍ജ്ജീവമായിരിക്കുന്ന വനംവകുപ്പ് നീക്കം കർക്ഷകരോഷം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ചിന്നക്കനാലിൽ കർഷകനെ കാട്ടാന കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം. കാട്ടാനകള്‍ ഇപ്പോള്‍ എറ്റവും കൂടുതല്‍ ശല്യം തുടരുന്നത് മറയൂര്‍ മേഖലയിലാണ്. ഹൈറേഞ്ചിലെ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി കാട്ടാനകളുടെ ശല്യമാണ്. ഞായറാഴ്ച കാട്ടാനകള്‍ സംഹാര താണ്ഡവമാടിയ കാന്തല്ലൂരില്‍ 10 ഏക്കറോളം കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.
മഴയുടെ പേരുപറഞ്ഞ് ആനകളെ തുരത്താതെ വനംവകുപ്പ് ഒഴിഞ്ഞു മാറുമ്പോള്‍ ഓരോ ദിവസവും ഇവ ഉണ്ടാക്കുന്ന നഷ്ടവും വര്‍ധിക്കുകയാണ്. മുമ്പൊക്കെ ആനകള്‍ കൂട്ടമായി ഒരേ സ്ഥലത്ത് ഇറങ്ങുകയായിരുന്നു പതിവ്.
പക്ഷേ ഇപ്പോള്‍ ഒറ്റക്കും കൂട്ടമായും ഒരേസമയത്ത് ഒന്നിലേറെ സ്ഥലങ്ങളില്‍ ഇറങ്ങുന്ന ആനകള്‍ പുതിയ വഴികളിലൂടെയും പ്രദേശങ്ങളിലൂടെയുമാണ് സഞ്ചരിച്ച് നാശം വിതക്കുന്നത്. കുറത്തികുടി ആദിവാസി കോളനി, ഇടമലക്കുടി ആദിവാസി മേഖല, പെട്ടിമുടി ആദിവാസി പ്രദേശം, മാങ്കുളം, ചിന്നക്കനാല്‍, പൂപ്പാറ, ശാന്തന്‍പാറ, മറയൂര്‍, മാട്ടുപ്പെട്ടി, മൂന്നാര്‍, പൂപ്പാറ, ദേവികുളം, കാഞ്ഞിരവേലി, പഴംബ്ലിച്ചാല്‍, ഇളംബ്ലാശ്ശേരി എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശം വിതച്ചതെങ്കില്‍ ഇപ്പോഴിത് പാട്ടയടമ്പ്, കുളമാംകുഴു ആദിവാസി കോളനിയിലേക്കും കടന്നിരിക്കുകയാണ്. ബിയല്‍റാമില്‍ വിളവെടുക്കാന്‍ പാകമായ 10 ഏക്കർ ഏലകൃഷിയാണ് കാട്ടാനകള്‍ ഉഴുത് മറിച്ച് നശിപ്പിച്ചത്.
മാങ്കുളം കവിതക്കാട്ടില്‍ മാസങ്ങളായി കാട്ടാന ശല്യം തുടരുകയാണ്. വാഴ, കമുങ്ങ്, തെങ്ങിനുൾപ്പടെ വലിയ നഷ്ടമാണ് വരുത്തിയത്. കര്‍ഷക ദിനത്തില്‍ വന്യമൃഗ ശല്യത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും കര്‍ഷകര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഒരുമാസം മുമ്പ് ചിന്നക്കനാലില്‍ തൊഴിലാളിയെ കാട്ടാന ചവിട്ടി കൊന്നിരുന്നു. അതിനിടെ കാഞ്ഞിരവേലിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വലിയ അന്വേഷണമാണ് വനംവകുപ്പ് നടത്തുന്നത്.
മൂന്ന് മാസം മുമ്പ് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ വിഷയത്തില്‍ ഇടപെടാതെ മാറിനിന്ന വനംവകുപ്പ് കാട്ടാന ചരിഞ്ഞതോടെ കര്‍ഷകവിരുദ്ധ സമീപനവും അറസ്റ്റുമുൾപ്പടെ നടപടികളുമായി നീങ്ങുന്നതിലാണ് ജനങ്ങൾക്ക് അമർഷം. മഴയായതുകൊണ്ട് ആനകളെ തുരത്തുക സാധ്യമല്ലെന്നും മഴ മാറിയ ശേഷം തുരത്താമെന്ന മുടന്തന്‍ ന്യായവും വനംവകുപ്പ് ഉയര്‍ത്തുന്നു. മഴ മാറും വരെ കാത്തിരുന്നാല്‍ ഈ പ്രദേശത്ത് കൃഷി ബാക്കിയാകുമോ എന്ന മറുചോദ്യമാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. ആനകളെ തുരത്താന്‍ കഴിയുന്നില്ലെങ്കില്‍ കൃഷി സ്ഥലങ്ങള്‍ക്ക് വനംവകുപ്പ് കാവല്‍ ഏര്‍പ്പെടുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.