കാട്ടാനയുടെ ആക്രമണം: റിസോർട്ടിൽ സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വനം വകുപ്പ്
text_fieldsമേപ്പാടി (വയനാട്): കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കൊല്ലപ്പെട്ട റിസോർട്ടിൽ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വനം വകുപ്പ്. വനാതിർത്തിയിൽ നിന്ന് 10 മീറ്റർ അകലം പോലും റിസോർട്ടിലേക്കില്ല. വന്യമൃഗങ്ങൾ സ്ഥിരമായി ഇറങ്ങുന്ന പ്രദേശത്താണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വരെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. റിസോർട്ടിന് ലൈസൻസ് ഇല്ലെന്ന് സംശയിക്കുന്നതായും പ്രദേശത്ത് വിശദപരിശോധന നടത്തേണ്ടതുണ്ടെന്നും വനം വകുപ്പ് അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, ഹോം സ്റ്റേ നടത്താൻ സർക്കാറിന്‍റെ ലൈസൻസ് ലഭിച്ചിട്ടുണ്ടെന്ന് ഉടമ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ടെന്‍റ് നിർമിക്കാൻ പ്രത്യേക അനുമതി വേണ്ട. യുവതി ശുചി മുറിയിൽ പോയി വരുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭയന്ന് വീണപ്പോൾ ആന കൊലപ്പെടുത്തിയെന്നും ഉടമ പറയുന്നു.
പഞ്ചായത്ത് അധികൃതർ ഇന്ന് പ്രദേശം സന്ദർശിക്കുമെന്നാണ് വിവരം.
മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽവെച്ചാണ് വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കണ്ണൂർ ചേലേരി കല്ലറപുരയിൽ ഷഹാന (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്. വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. സമീപ പ്രദേശമായ ചുളിക്കയിൽ ഏതാനും വർഷങ്ങൾക്കു മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.