ഒറ്റപ്പെട്ട് കഴിയുന്ന കുടുംബം കാടൊഴിയണമെന്ന് വനംവകുപ്പ്
text_fieldsകോതമംഗലം: പതിനെട്ട് വർഷമായി ഊര് വിലക്കിനെ തുടർന്ന് വനത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന കുടുംബത്തോട് കാടൊഴിയാൻ വനം വകുപ്പ് അധികൃതർ. അടിച്ചിൽ തൊട്ടി ഊരിൽനിന്നും ഊര് തീരുമാനം ലംഘിച്ച് വിവാഹിതനായ ചെല്ലപ്പനും കുടുംബവും കാടൊഴിയാനാണ് വനംവകുപ്പ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഊരുവിലക്കിനെ തുടർന്ന് ഇടമലയാർ ഡാം സൈറ്റിന് താഴെ കപ്പായത്ത് ഭാര്യ യശോദയൊന്നിച്ച് ഏഴിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളുമായി കൂരകെട്ടി കഴിയുകയാണ് ചെല്ലപ്പൻ. മുതുവാൻ വിഭാഗത്തിൽപ്പെട്ട ഇവർ സമുദായ വിലക്ക് ലംഘിച്ച് വിവാഹിതരായതാണ് ഊരുവിലക്കിന് വഴിെവച്ചത്. ചെല്ലപ്പനും യശോധയും സഹോദര മക്കളാണ്. കാടിനോടും പുഴയോടും മല്ലടിച്ചാണ് ജീവിതം.
പുഴയിൽനിന്ന് മീൻ പിടിച്ച് വടാട്ടുപാറയിലെത്തിച്ചാണ് ഉപജീവനം. കപ്പായത്തുനിന്ന് 28 കിലോമീറ്റർ ദൂരം പുഴയിലൂടെ പോണ്ടി തുഴഞ്ഞ് വേണം വടാട്ടുപാറയിലെത്താൻ. നാലര മണിക്കൂറോളം തുഴഞ്ഞാൽ മാത്രമേ ഇത്രയും ദൂരം സഞ്ചരിക്കാൻ കഴിയൂ.
കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ സഞ്ചാരം സുഗമമാവൂ. മീൻ ലഭ്യത കുറഞ്ഞ ദിനങ്ങളിൽ കുടുംബം പട്ടിണിയാകും. കുട്ടികൾക്കും ഭാര്യയ്ക്കും ഉള്ള ആധാർ കാർഡ് മാത്രമാണ് ഇവർക്കുള്ള ആധികാരിക രേഖ. റേഷൻ കാർഡ് പോലും ഇല്ല. വെറ്റിലപ്പാറയിലെയും വാഴച്ചാലിലെയും ട്രൈബൽ സ്കൂളിൽ ഏഴിലും നാലിലും പഠിക്കുന്ന മക്കളുടെ പഠനം സ്കൂളുകൾ അടച്ചതോടെ നിലയ്ക്കുകയും ചെയ്തു.
ഇടമലയാർ വനാതിർത്തിയിൽ കഴിയുന്ന ഇവർ സുരക്ഷിത ഇടം കണ്ടെത്താനും റേഷൻ കാർഡ് അടക്കമുള്ള രേഖകൾ തയാറാക്കാനും അധികൃതർ കനിയണമെന്ന് ആവശ്യപ്പെട്ട് വടാട്ടുപാറയിലുള്ള പൊതുപ്രവർത്തകരെ സമീപിച്ചതോടെയാണ് ദുരിതജീവിതം പുറം ലോകമറിയുന്നത്. ട്രൈബൽ വകുപ്പ് രേഖകളിലും ഇവർക്കിടം ലഭിക്കാത്തതിനാൽ വകുപ്പിെൻറ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. വനം വകുപ്പും കൂര ഒഴിയണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നതോടെ എങ്ങോട്ട് പോകണമെന്നറിയാതെ ഉഴലുകയാണി കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.