അമ്മയെ നഷ്ടമായ കടുവക്കുട്ടിക്കായി കാടൊരുങ്ങുന്നു
text_fieldsകുമളി: അമ്മയെ നഷ്ടമായി കൊടും കാടിന് നടുവിൽ ഒറ്റപ്പെട്ടുപോയ കടുവക്കുട്ടി അനാഥത്വത്തിെൻറ ദുഃഖം വിട്ട് കാടിെൻറ സുരക്ഷിതത്വത്തിലേക്ക് വളരുന്നു. പെരിയാർ കടുവ സങ്കേതത്തിലാണ് വനപാലകരുടെ കാവലിന് നടുവിൽ 'മംഗള'യെന്ന പെൺകടുവക്കുട്ടി വളർച്ചയുടെ നാൾവഴികൾ പിന്നിടുന്നത്. കടുവ സങ്കേതത്തിലെ മംഗളാദേവി മലയടിവാരത്തിൽനിന്ന് കഴിഞ്ഞ വർഷം നവംബർ 22നാണ് അമ്മയെ നഷ്ടമായി ഒറ്റപ്പെട്ടു പോയ കടുവ കുഞ്ഞിെൻറ കരച്ചിൽ വനപാലകർ കേട്ടത്. കുഞ്ഞിനൊപ്പം അമ്മയുടെ തിരിച്ചുവരവ് കാത്ത് വനപാലകരും ദിവസങ്ങൾ തള്ളി നീക്കിയെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ മറ്റു ജീവികൾ ആക്രമിക്കാതിരിക്കാൻ ചുറ്റുപാടും നിരീക്ഷിച്ചായിരുന്നു കൊടും കാട്ടിലെ വനപാലകരുടെ കാത്തിരിപ്പ്.
അമ്മ വരാതാവുകയും ഒരു മാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞ് അവശതയിലാവുകയും ചെയ്തതോടെ കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കാട്ടിനുള്ളിലെ കരടിക്കവല സെക്ഷനിൽ പ്രത്യേക മുറിയാണ് കടുവ കുട്ടിക്കായി ഒരുക്കിയത്. മനുഷ്യരുമായി അധികം ഇടപഴകാതെ തന്നെ വളർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. വനപാലകർക്കൊപ്പം ആരോഗ്യനില വിലയിരുത്താനായി ഡോക്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തി. ഇപ്പോൾ, ആറു മാസം പിന്നിട്ടതോടെ, വനപാലകർ 'മംഗള'യെന്ന് അരുമയോടെ വിളിക്കുന്ന കടുവക്കുട്ടി കാടിലേക്കിറങ്ങാൻ ഒരുങ്ങി തുടങ്ങി. എങ്കിലും വിശാലമായ കാട്ടിലേക്ക് തുറന്നു വിടാതെ ഇവൾക്കായി പ്രത്യേക 'കാട് ഒരുക്കാനുള്ള' തയാറെടുപ്പിലാണ് വനപാലകർ.
കാട്ടിനുള്ളിൽ ഒരേക്കറോളം സ്ഥലം ഇരുമ്പ് വേലി കെട്ടിതിരിച്ച് ഇതിനുള്ളിൽ മംഗളയെ തുറന്നു വിടുകയാണ് ആദ്യ പരിപാടി. കാടും അന്തരീക്ഷവും പരിചയമാകുന്നതോടെ, ഇവിടേക്ക്് ചെറിയ ജീവികളെ കയറ്റിവിട്ട് മംഗളയെ വേട്ടയാടാൻ പരിശീലിപ്പിക്കും. ഇത് വിജയകരമാകുന്നതോടെയാവും കടുവ സങ്കേതത്തിെൻറ വിശാലമായ കാട്ടിലേക്ക് മംഗള യാത്ര തുടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.