വീട്ടിൽ നിന്നും ഇറങ്ങി വഴിതെറ്റിയ നാല് വയസുകാരന് രക്ഷകരായി പൊലീസും നാട്ടുകാരും
text_fieldsകോട്ടയം: വീട്ടിൽ നിന്നും ഇറങ്ങി വഴിതെറ്റിയ നാല് വയസുകാരന് രക്ഷകരായി പൊലീസും നാട്ടുകാരും. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടുകൂടിയായിരുന്നു സംഭവം. കോട്ടയം റബർ ബോർഡിന് സമീപം താമസിക്കുന്ന ബീഹാർ സ്വദേശികളായ ദമ്പതികളുടെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് നാലുവയസ്സുകാരനായ കുട്ടി വീട്ടിൽ നിന്നും ഇറങ്ങി നടന്നത്.
ഇറഞ്ഞാൽ, പൊന്‍പള്ളി ഭാഗത്തേക്ക് നടന്ന കുട്ടി പിന്നീട് വഴിയറിയാതെ റോഡിൽ കരഞ്ഞു നിൽക്കുകയായിരുന്നു. ഇത് കണ്ട് നാട്ടുകാർ വിവരം ഉടൻ തന്നെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് ഉടനടി സ്ഥലത്തെത്തുകയും, കുഞ്ഞിന്റെ സംസാരത്തിൽ നിന്നും അന്യസംസ്ഥാന സ്വദേശികളുടെ കുട്ടിയാണെന്ന് മനസ്സിലാക്കുകയായിരുന്നു.
തുടർന്ന് സമീപപ്രദേശങ്ങളിലായി നിരവധി വീടുകൾ കയറിയിറങ്ങി പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ തിരഞ്ഞു. ഇതിനിടയിൽ കുട്ടിയുടെ മാതാപിതാക്കൾ, വീട്ടിൽ നിന്നും ഇറങ്ങി കുട്ടിയെ തിരയുവാൻ തുടങ്ങിയിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുവാൻ തുടങ്ങുന്നതിനിടയിൽ തന്നെ പൊലീസ് കുട്ടിയുമായി ഇവരുടെ വീട്ടിലെത്തി മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറുകയായിരുന്നു.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ നെൽസൺ, സി.പി.ഓ മാരായ പ്രതീഷ് രാജ്, അനികുട്ടൻ, രമേശൻ ചെട്ടിയാർ, അജിത്ത് ബാബു, സുരമ്യ എന്നിവരായിരുന്നു കുട്ടിയെ കണ്ടെത്തി തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.