കോഴിയെ പിടിക്കാൻ വന്ന കുറുക്കന്‍ കിണറ്റില്‍ വീണ് ചത്തു; കുടിവെള്ളം മുട്ടി പൗലോസും കുടുംബവും
text_fieldsഅങ്കമാലി: കോഴിയെ പിടിക്കാൻ വന്ന കുറുക്കന്‍ കിണറ്റില്‍ വീണ് ചത്തു. പൗലോസിനും കുടുംബത്തിനും കുടിവെള്ളം മുട്ടി. അങ്കമാലി കറുകുറ്റി പുലിക്കല്ല് പോട്ടച്ചിറക്ക് സമീപം പള്ളിപ്പാട്ട് വീട്ടില്‍ പൗലോസിന്‍െറ അടുക്കള വശത്തെ കിണറ്റിലാണ് ബുധനാഴ്ച പുലര്‍ച്ചെ അവശനിലയിലായ കുറുക്കനെ കണ്ടത്. ചൊവ്വാഴ്ച രാത്രിയില്‍ കോഴിയെപിടിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നാണ് കരുതുന്നത്. എട്ടടിയോളം താഴ്ചയുള്ള കിണറില്‍ അടിവരെ വെള്ളമുണ്ടായിരുന്നു. പൗലോസിന്‍െറ വീട്ടിലും സമീപ പ്രദേശങ്ങളിലും ഏറെ നാളായി കുറുക്കന്‍െറ ശല്യം രൂക്ഷമാണ്. പലര്‍ക്കും കോഴികളെ നഷ്ടപ്പെട്ടിട്ടുണ്ട്. രാത്രിയില്‍ നിരന്തരം ഓളിയിട്ട് ബഹളമുണ്ടാക്കുന്നതിനാല്‍ സൈ്വര്യ ജീവിതവും നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനിടെയാണ് ബുധനാഴ്ച പുലര്‍ച്ചെ പൗലോസിന്‍െറ ഭാര്യ അടുക്കള വാതില്‍ തുറന്നതോടെ കിണറ്റിനകത്ത് അസ്വാഭാവിക ശബ്ദം കേട്ടത്.
കിണറ്റില്‍ നോക്കിയപ്പോള്‍ കിണര്‍ മൂടിയ വലയും തകര്‍ത്ത് ഏതോ ജീവി കിണറ്റില്‍ പൊന്തി കിടക്കുന്നതായി കണ്ടു. അതോടെ പൗലോസും സമീപവാസികളും കൂടുതല്‍ പരിശോധന നടത്തി. അപ്പോഴാണ് മരണത്തോട് മല്ലിടുന്ന കുറുക്കനാണെന്ന് ബോധ്യമായത്. തുടര്‍ന്ന് കിണറ്റിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കാന്‍ ശ്രമിച്ചെങ്കിലും മോട്ടോറിന്‍െറ ഹോസ് കുറുക്കന്‍ കടിച്ച് പൊട്ടിച്ചിരുന്നതിനാല്‍ വെള്ളം പുറത്തേക്ക് വന്നില്ല. സംഭവം അതിരപ്പിള്ളിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. അധികം വൈകാതെ അവര്‍ സ്ഥലത്തത്തെി കുറുക്കനെ കിണറ്റില്‍ നിന്ന് കരക്കെടുത്തെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
പരിശോധനയും മറ്റ് നടപടികളും പൂര്‍ത്തിയാക്കിയ ശേഷം കുറുക്കനെ സമീപത്തുള്ള കൃഷിയിടത്തില്‍ ഉദ്യോഗസ്ഥര്‍ സംസ്കരിച്ചു. കിണര്‍ പൂര്‍ണമായും ശുചീകരിച്ച ശേഷമേ വെള്ളം ഉപയോഗിക്കാവൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. കുടിവെള്ളക്ഷാമം നേരിടുന്ന വേനല്‍ക്കാലത്ത് കുടിവെള്ളം മുട്ടിയതോടെ പൗലോസും കുടുംബവും ദുരിതത്തിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.