മനുഷ്യത്വത്തിെൻറ മണം
text_fieldsമുസ്ലിം ലീഗിലെ ഐക്യത്തെത്തുടർന്ന് 1984കളിൽ, അന്നത്തെ അഖിലേന്ത്യ ലീഗിെൻറ മുഖപത്രമായ 'ലീഗ് ടൈംസി'ലെ ജീവനക്കാരെ 'ചന്ദ്രിക'യിൽ എടുക്കാൻ തീരുമാനമായി. തിരുവനന്തപുരത്തു പ്രവർത്തിച്ചിരുന്ന ഈ കുറിപ്പുകാരനെ എറണാകുളത്തേക്കു സ്ഥലംമാറ്റി. താമസിക്കാൻ എറണാകുളത്ത് ഒരിടം ഇല്ലായിരുന്നു. മാനസികമായി വളരെയേറെ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന കാലം.
നാട്ടിൽ വന്ന് തിരിച്ചുപോകുന്ന ഒരു ഉച്ചനേരത്താണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സിദ്ദീഖ് ഹസൻ സാഹിബിനെ കണ്ടുമുട്ടുന്നത്. യാത്രക്കിടെ ഒരുപാട് കാര്യങ്ങൾ സംസാരിക്കവെ 'നിയുക്ത' പത്രത്തെക്കുറിച്ചുമായി സംസാരം. എറണാകുളത്ത് എത്തുംമുന്പ് ഞാൻ എവിടെയാണ് താമസിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അകൃത്യമായ മറുപടിയിൽനിന്ന് ഞാനൊരു അഭയാർഥിയാണ് എന്നദ്ദേഹം കണ്ടുപിടിച്ചുകാണും. ഇന്ന് നമുക്ക് ഒരുമിച്ചു താമസിച്ചുകൂടേ എന്നായി ചോദ്യം. സ്വന്തം നിസ്സഹായാവസ്ഥ കടിച്ചുപിടിച്ചൊതുക്കുന്ന ചില സന്ദർഭങ്ങളുണ്ടാവും ആരുടെയും ജീവിതത്തിൽ. ഞാൻ പറഞ്ഞു: ആവാം. വണ്ടിയിറങ്ങി ഭക്ഷണം കഴിച്ച് ഓട്ടോറിക്ഷയിൽ കയറി, ഞങ്ങൾ പുല്ലേപ്പടിയിലെ ഇസ്ലാമിക് സെൻററിലേക്കാണ് പോയത്. അവിടെ ഒരാളെ വിളിച്ച് എന്നെ പരിചയപ്പെടുത്തി. താമസ സൗകര്യം ചെയ്തുകൊടുക്കണമെന്ന് പറഞ്ഞ് അദ്ദേഹം ഒരു മീറ്റിങ്ങിലേക്കു കയറി. കുറച്ചാളുകൾ മിതവാടകക്ക് താമസിക്കുന്ന ഒരു കെട്ടിടം കൂടിയായിരുന്നു അത്. പ്രാഥമികാവശ്യങ്ങൾ നിർവഹിച്ച് ഞാൻ ഓഫിസിലേക്കു പോയി. രാത്രി തിരിച്ചെത്തിയപ്പോൾ ഒരാൾ കൂടെവന്നിട്ടു പറഞ്ഞു: ''ഇത് അമീർ വന്നാൽ താമസിക്കുന്ന മുറിയാണ്. വല്ലപ്പോഴുമേ വരൂ. പകരം സംവിധാനം ഉണ്ടാകുന്നതുവരെ ഇവിടെ താമസിപ്പിക്കണമെന്ന് സിദ്ദീഖ് സാഹിബ് പറഞ്ഞിട്ടുണ്ട്''. ഞാനറിഞ്ഞില്ല, എെൻറ കണ്ണുകൾ തരിച്ചതും നിറഞ്ഞതും.
ആ നാളുകളിൽ മനുഷ്യത്വത്തിെൻറ മണം ഒന്നിനു പിറകെ മറ്റൊന്നായി എന്നെ മത്തുപിടിപ്പിച്ചിരുന്നു. ഒരുഭാഗത്ത് ഞാൻ ചേർത്തുപിടിച്ച സംഘടനയുടെ ലയനത്തോടെ സംഭവിച്ച അവിചാരിതങ്ങൾ. ഉമ്മയെ മറ്റൊരാൾ കല്യാണം കഴിച്ചു കൊണ്ടുപോകുന്പോൾ ബാക്കിനിൽക്കുന്ന കുഞ്ഞിെൻറ അനിശ്ചിതമായ തെരുവോർമ.
10 ദിവസം കഴിഞ്ഞ് സിദ്ദീഖ് സാഹിബ് വീണ്ടും കൊച്ചിയിലെത്തി. പിറ്റേന്ന് രാവിലെ വീണ്ടും ഞങ്ങൾ കണ്ടുമുട്ടി. കൂട്ടത്തിൽ ഒരൊറ്റ ചോദ്യം: ''ഞങ്ങളുമായി സഹകരിച്ചുകൂടേ?'' പെട്ടെന്ന് തീരുമാനത്തിലെത്താൻ പറ്റാത്ത ഒരു നിമിഷമായിരുന്നു അത്. ഞാൻ പറഞ്ഞു: ''അങ്ങയെ പോലുള്ളവർ നേതൃത്വം കൊടുക്കുന്നേടത്തു പ്രവർത്തിക്കാൻ എനിക്കിഷ്ടമാണ്. പക്ഷേ, അങ്ങയെ പ്പോലെ ഞാൻ സ്നേഹിക്കുന്ന ഒരാളുണ്ട്; ഒന്ന് ചർച്ച ചെയ്യണം.''
''അങ്ങനെയാവട്ടെ. ആരാണ് ആൾ? ഞാൻകൂടി പറയണോ?''
''വേണ്ട, പി.എം. അബൂബക്കർ ആണ്.''
ഞാൻ പി.എമ്മിനോട് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹത്തിനു സമ്മതമായിരുന്നു. പി.എമ്മിെൻറ അനുവാദമുണ്ടെന്ന് സിദ്ദീഖ് സാഹിബിനെ അറിയിച്ചു. ഉടൻ അദ്ദേഹം പറഞ്ഞു: ''എങ്കിൽ ചന്ദ്രികയിൽനിന്ന് രാജിവെക്കണം. പണി ഇവിടെയും ശന്പളം അവിടെയും എന്നതു ശരിയല്ല''. സിദ്ദീഖ് സാഹിബിെൻറ ഈ നിർദേശമനുസരിച്ചാണ് 1986 ഡിസംബർ 30ന് 'ചന്ദ്രിക' വിടുന്നത്.
നല്ല പത്രപ്രവർത്തകരെ കണ്ടെത്തി ശ്രദ്ധയിൽപെടുത്തുകയെന്ന ചുമതലകൂടി സിദ്ദീഖ് സാഹിബ് ഈ കുറിപ്പുകാരനെ ഏൽപിച്ചിരുന്നു. പരസ്പര സഹകരണത്തോടെ കാര്യങ്ങൾ കൂടിയാലോചിച്ചു തീരുമാനമെടുക്കുന്ന ഒരു ട്രേഡ് യൂനിയൻ സംസ്കാരം ഊട്ടിയുറപ്പിക്കുന്നതിലും സിദ്ദീഖ് സാഹിബ് വഹിച്ച നേതൃഗുണത്തെ ഈ സന്ദർഭത്തിൽ ഓർക്കാതെ വയ്യ. 'മാധ്യമ'ത്തെ മലയാള പത്രപ്രവർത്തന ചരിത്രത്തിലെ മഹാ അധ്യായമാക്കുന്നതിലും ഒന്നാം നിര പത്രങ്ങളിലെ വേറിട്ട ശബ്ദമാക്കുന്നതിലും സിദ്ദീഖ് സാഹിബ് വഹിച്ച പങ്ക് ഒരു ഗ്രന്ഥത്തിനുതന്നെ വകയൊരുക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.