നാടിന്‍റെ നോവായി അഞ്ചു വയസ്സുകാരി; കണ്ണീരോടെ വിടചൊല്ലി; സംസ്കാര ചടങ്ങിൽ വൻജനാവലി
text_fieldsകൊച്ചി: ആലുവയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. കുട്ടി ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാരം നടത്തിയത്. വിലാപയാത്രയായാണ് പെൺകുട്ടിയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത്.
വികാരനിർഭരമായാണ് നാട് പെൺകുട്ടിക്ക് വിട നൽകിയത്. കുരുന്നിനെ അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിനാളുകളാണ് സ്കൂളിലേക്ക് എത്തിയത്. രണ്ട് മണിക്കൂറോളം സമയം സ്കൂളിലെ പൊതുദർശനം നീണ്ടു നിന്നിരുന്നു.
അതേസമയം, കേസിൽ അറസ്റ്റിലായ പ്രതി ബിഹാർ പരാരിയ സ്വദേശി അസഫാക് ആലത്തെ ഇന്ന് രാവിലെ 11 മണിക്ക് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്ക് പുറമേ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച കാണാതായ ബിഹാർ സ്വദേശികളുടെ അഞ്ച് വയസ്സുകാരി മകളെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ 21 മണിക്കൂറിനുശേഷമാണ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നാടകീയതകൾക്കുമൊടുവിലാണ് കുട്ടിയുടെ മൃതദേഹം ശനിയാഴ്ച ആലുവ മാർക്കറ്റിലെ മാലിന്യങ്ങൾ കുന്നുകൂടിയ പ്രദേശത്ത് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കുട്ടിയെ വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോയ പ്രതിയെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് നാട് നടുങ്ങിയ ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേർന്ന മറ്റൊരു കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആലുവ കെ.എസ്.ആർ.ടി.സി ഗാരേജിനടുത്തുള്ള വീട്ടിൽനിന്നാണ് കുട്ടിയെ കാണാതായത്. മകളെ കാണാനില്ലെന്ന് വൈകീട്ട് ഏഴരയോടെ കുട്ടിയുടെ മാതാവ് ആലുവ പൊലീസിൽ പരാതി നൽകി. പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സമീപവാസികളുടെ മൊഴിയെടുത്തുമാണ് പ്രതിയിലേക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.