ലാൽ വർഗീസ് കൽപകവാടിയുടെ സംസ്കാരം ഇന്ന്; മൃതദേഹം ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ ദഹിപ്പിക്കും
text_fieldsആലപ്പുഴ: കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്‍ററും മുതിർന്ന കോൺഗ്രസ് നേതാവുമായ ലാൽ വർഗീസ് കൽപകവാടിയുടെ (70) അന്ത്യാഭിലാഷം നിറവേറ്റാൻ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് 4.30ന് ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ ദഹിപ്പിക്കും. മരിക്കുന്നതിന് മുമ്പ് പങ്കുവെച്ച ആഗ്രഹം പൂർത്തിയാക്കാനാണ് ചടങ്ങുകൾ ആലപ്പുഴയിൽ നടത്തുന്നതെന്ന് മകൻ അമ്പു വർഗീസ് വൈദ്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ചൊവ്വാഴ്ച രാവിലെ 8.30ന് തോട്ടപ്പള്ളി കൽപകവാടി മോട്ടലിൽ എത്തിക്കും. തുടർന്ന് പൊതുദർശനം. വൈകീട്ട് വലിയചുടുകാടിൽ എത്തിച്ച് മൃതദേഹം ദഹിപ്പിച്ചശേഷം അവശിഷ്ടങ്ങൾ ലാൽ വർഗീസ് കൽപകവാടിയുടെ ഇടവകയായ ചവറ തേവലക്കര പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ടി.കെ. വർഗീസ് വൈദ്യന്റെയും സാറാമ്മ വർഗീസിന്റെയും മൂത്ത മകനായ ലാൽ വർഗീസ് കൽപകവാടി തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പഠനകാലത്ത് കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. രണ്ടു തവണ രാഹുൽ ഗാന്ധി ആലപ്പുഴയിലെത്തിയപ്പോഴും ലാൽ വർഗീസിനോടൊപ്പം കൽപകവാടിയിലാണ് ചെലവഴിച്ചത്.
2014ൽ രാഹുൽ യൂത്ത് കോൺഗ്രസ് പദയാത്രയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ആദ്യം. പിന്നെ ഭാരത് ജോഡോ യാത്രയുമായി വന്നപ്പോൾ രാഹുലിന്റെയും സംഘത്തിന്റെയും ഭക്ഷണവും വിശ്രമവും കൽപകവാടിയിലായിരുന്നു.
1970ൽ വർഗീസ് വൈദ്യൻ സ്ഥാപിച്ച് കൽപകവാടി എന്ന സ്ഥാപനം മരണത്തോടെ രണ്ടായി. കൽപകവാടി ഇൻ എന്നത് സഹോദരനും തിരക്കഥാകൃത്തുമായ ചെറിയാൻ കൽപകവാടിയുടെ മേൽനോട്ടത്തിലും കൽപകവാടി മോട്ടൽസ് ലാൽ വർഗീസുമാണ് നടത്തുന്നത്.
കമ്യൂണിസ്റ്റ് കുടുംബത്തിലെ ഖദർധാരി രാഷ്ട്രീയത്തിൽ പണ്ടേ വിസ്മയമായിരുന്നു. മരണത്തിനു ശേഷമുള്ള മടക്കവും വേറിട്ടാണ്. പിതാവ് വർഗീസ് വൈദ്യന്റെ കമ്യൂണിസ്റ്റ് പാരമ്പര്യം മൂത്ത മകൻ പിന്തുടർന്നില്ല. വിദ്യാർഥിയായിരുന്നപ്പോൾ മുതൽ ലാൽ വർഗീസ് കോൺഗ്രസ് ധാരയിലായിരുന്നു. മകൻ അമ്പുവും അനുജനും തിരക്കഥാകൃത്തുമായ ചെറിയാൻ കൽപകവാടിയും കുടുംബത്തിലെ ഇടതുപക്ഷക്കാരായിട്ടാണ് വളർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.