മലപ്പുറം കാളികാവിൽ ഫുട്ബാൾ മത്സരത്തിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്
text_fieldsകാളികാവ്: മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോടിൽ പി.എഫ്.സി സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിനിടെ ഗാലറി തകർന്ന് നൂറോളം പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും റോയൽ ട്രാവൽ കോഴിക്കോടും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. സ്റ്റേഡിയത്തിൽ നിറയെ കാണികളുണ്ടായിരുന്നു.
കവുങ്ങ് കൊണ്ടുള്ള ഗാലറി നിറഞ്ഞതിനാൽ ഔട്ടർ ലൈനിൽ വരെ ആളുകൾ ഇരുന്നിരുന്നു. ഇതിനിടയിലാണ് ഗാലറി പൊടുന്നനെ തകർന്ന് വീണത്. ഫ്ലഡ് ലൈറ്റും തകർന്ന് വീണു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും വണ്ടൂരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഏഴ് കനിവ് 108 ആംബുലൻസുകൾ സ്ഥലത്തെത്തി.
അപകടം നടന്നയുടൻ കാണികൾ പരിഭ്രാന്തരായി ചിതറിയോടി. എന്താണ് സംഭവിച്ചതെന്ന് പലർക്കും മനസ്സിലായില്ല. മൈതാനം നിറയെ ആളുകൾ തിങ്ങിനിറഞ്ഞതിനാൽ രക്ഷാപ്രവർത്തനത്തിനും ഏറെ പ്രയാസപ്പെട്ടു. അൽപനേരത്തെ അമ്പരപ്പിനൊടുവിൽ ഓടിക്കൂടിയവർ ഗാലറിക്കടിയിൽപെട്ടവരെ പുറത്തെത്തിച്ച് കിട്ടിയ വാഹനങ്ങളിൽ ആശുപത്രിയിലെത്തിച്ചു.
പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.