കൊച്ചിയിലെ കൂട്ടബലാത്സംഗം ഞെട്ടിക്കുന്നതെന്ന് മന്ത്രി വീണ ജോര്‍ജ്; പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തും
text_fieldsതിരുവനന്തപുരം: കൊച്ചിയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് മന്ത്രി വീണ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയെന്നും അവർ കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച അർധരാത്രിയാണ് കാസർകോട് സ്വദേശിനിയും 19കാരിയുമായ മോഡലിനെ മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് ഓടുന്ന കാറിൽവെച്ച് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളെയും സ്ത്രീയെയും എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് എറണാകുളം സൗത്ത് സ്റ്റേഷൻ പരിധിയിലെ ഒരു ബാറിൽ രാജസ്ഥാൻകാരിയായ സുഹൃത്തിനൊപ്പം യുവതിയെത്തിയത്. പത്തു മണിയോടെ യുവതി ബാറിൽ കുഴഞ്ഞുവീണു. ഈ സമയം ഇവരെ താമസസ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് യുവാക്കളെത്തിയത്. യുവതിയെ ഇവർ കാറിൽ കയറ്റി.
എന്നാൽ, സുഹൃത്തായ സ്ത്രീ കയറിയിരുന്നില്ല. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒടുവിൽ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിടുകയും ചെയ്തു.
സംഭവം യുവതി വെള്ളിയാഴ്ച സുഹൃത്തിനെ അറിയിച്ചതിനു പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാറിൽ എത്തിയ പൊലീസ് പരിശോധന നടത്തി. എന്നാൽ, യുവാക്കൾ ഇവിടെ നൽകിയ വിലാസം വ്യാജമായിരുന്നു. യുവതിയുടെ സുഹൃത്തിനെ കണ്ടെത്തിയ പൊലീസ് വിശദമായി ചോദ്യം ചെയ്തു.
പീഡിപ്പിച്ചത് കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളാണെന്നും കണ്ടെത്തി. പിന്നീട് ഇവരെയും ഒത്താശ ചെയ്ത സ്ത്രീയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോധരഹിതയായ യുവതിയെ കാറിൽ കയറ്റിയപ്പോൾ സുഹൃത്തായ സ്ത്രീ മനഃപൂർവം ഒഴിഞ്ഞുമാറിയതാണെന്ന സംശയത്തിലാണ് പൊലീസ്. ഇരയാക്കപ്പെട്ട യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരെ പൊലീസ് ഇടപെട്ട് കളമശ്ശേരിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.