ഗുണ്ടകൾ ഏറ്റുമുട്ടി; മൂന്നുപേർക്ക് വെട്ടേറ്റു ഒരാൾ ഗുരുതരാവസ്ഥയിൽ
text_fieldsഓച്ചിറ: ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് മൂന്നുപേർക്ക് വെട്ടേറ്റു. ഓച്ചിറ, മേമന അനന്ദു ഭവനത്തിൽ അനന്ദു (26), വള്ളികുന്നം, മണക്കാട് വൃന്ദാവനത്തിൽ പങ്കജ് (31), മേമന കണ്ണാടി കിഴക്കതിൽ ഹരികൃഷ്ണൻ (26) എന്നിവർക്കാണ് വെട്ടേറ്റത്.
വെട്ടുകത്തികൊണ്ട് കഴുത്തിനും പുറത്തും വലതു കൈക്കും വെട്ടേറ്റ അനന്ദുവിന്‍റെ നില ഗുരുതരമാണ്. വലതുകൈ വെട്ടേറ്റുതൂങ്ങിയ നിലയിലാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിന് വെട്ടേറ്റ പങ്കജിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മേമന കണ്ണാടി കിഴക്കതിൽ ഹരികൃഷ്ണന് (26) നിസ്സാര പരിക്കുകളാണുള്ളത്. ശനിയാഴ്ച രാത്രി 9.30ഓടെ ഓച്ചിറ കല്ലൂർമുക്കിന് സമീപംവെച്ചാണ് അക്രമം.
സംഭവത്തിൽ കായംകുളം സ്വദേശികളായ വരിക്കപ്പള്ളിൽ എന്നു വിളിക്കുന്ന ഷാൻ, ഷിയാസ്, കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേർക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു. ഒരേ ഗുണ്ടാസംഘത്തിലെ അംഗങ്ങളും സുഹൃത്തുക്കളുമാണിവർ. ഷാനും പങ്കജും തമ്മിൽ ഫോണിൽ സംസാരിച്ചപ്പോളുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രകോപിതനായ ഷാൻ, പങ്കജിനെ നേരിടാനായി മറ്റ് നാല് സുഹൃത്തുക്കളുമായി കാറിൽ കല്ലൂർമുക്കിൽ എത്തുകയായിരുന്നു. തുടർന്ന് ഇവർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും കൈയിൽ കരുതിയിരുന്ന വെട്ടുകത്തിയും മറ്റ് ഉപയോഗിച്ച് അനന്ദുവിനെയും പങ്കജിനെയും വെട്ടിവീഴ്ത്തുകയായിരുന്നു.
രക്തം വാർന്നൊഴുകി റോഡ് വക്കിൽ കിടന്ന അനന്ദുവിനെ ഓച്ചിറ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഓച്ചിറ പൊലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചു. പ്രതികൾ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.