നവജാത ശിശുവിനെ കരിയില കൂനയിൽ ഒളിപ്പിച്ച സംഭവം: പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവതികളെ കാണാതായി
text_fieldsകൊല്ലം: ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയില കൂനയിൽ ഒളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസിൽ അറസ്റ്റിലായ രേഷ്മയുടെ ബന്ധുക്കളെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇവരെ കാണാതായത്.
നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ രേഷ്മക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഭർത്താവിൽനിന്നുതന്നെയാണ് ഗർഭം ധരിച്ചതെന്നും രണ്ടാമതൊരു കുട്ടി ഉണ്ടാകുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നെന്നും രേഷ്മ മൊഴിനൽകി. ഒരു കുട്ടികൂടി ആയാൽ സാമ്പത്തിക ബാധ്യത താങ്ങാനാകില്ലെന്ന് ഭർത്താവ് പറഞ്ഞിരുന്നു. ഗർഭം എല്ലാവരിൽനിന്നും മറച്ചുെവച്ചു. വയർ കുറച്ചുകാണിക്കാൻ സ്ലിംബെൽറ്റ് വലിച്ചുകെട്ടി. ആർത്തവം ഉണ്ടാകാതിരിക്കുന്ന അവസ്ഥയിലും അത് കൃത്യമായി വരുന്നുണ്ടെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തി. ഇക്കാര്യങ്ങളാലാണ് വീട്ടുകാർ ഗർഭാവസ്ഥ തിരിച്ചറിയാതിരുന്നത്.
അതേസമയം, രേഷ്മ പറഞ്ഞ പല കാര്യങ്ങളും പൊലീസ് വിശ്വസിച്ചിട്ടില്ല. ഗൾഫിലുള്ള ഭർത്താവിനെ ചോദ്യംചെയ്താലേ വ്യക്തത ലഭിക്കൂ. ജനിച്ച ഉടൻതന്നെ കുഞ്ഞ് മരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രസവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വീടിന് പുറത്തെ ശുചിമുറിയിലാണ് പ്രസവിച്ചത്. പ്രസവസമയം രേഷ്മ വയറ്റിൽ അമിതമായി അമർത്തിപ്പിടിക്കുകയും കുട്ടി താഴെവീഴാൻ പാകത്തിൽ നിന്ന് പ്രസവിക്കുകയും ചെയ്തെന്നാണ് വിവരം. ഇത് ക്രിമിനൽ സ്വഭാവത്തോടെ ചെയ്തതാണെന്നാണ് പൊലീസ് കരുതുന്നത്.
ശിശുവിനെ കണ്ടെത്തിയതിനെതുടർന്ന് തൊട്ടടുത്ത താമസക്കാരെന്നനിലയിൽ രേഷ്മയെയും വീട്ടുകാരെയും പൊലീസ് ചോദ്യംചെയ്തിരുന്നു. വിശദ അന്വേഷണത്തിനിടയിൽ രേഷ്മയുടെ വീട്ടിൽനിന്ന് കണ്ടെത്തിയ സോപ്പ് കവറിൽ രക്തത്തിെൻറ പാട് കണ്ടതോടെയാണ് പൊലീസിന് സംശയം ബലപ്പെട്ടത്. ഒടുവിൽ ഡി.എൻ.എ പരിശോധനയിലാണ് രേഷ്മയാണ് കുട്ടിയുടെ മാതാവെന്ന് വ്യക്തമായത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.