സമൂഹമാധ്യമങ്ങൾ വഴി സുഹൃത്തുക്കളായ പെൺകുട്ടികൾ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു
text_fieldsകോട്ടയം: തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ്, വെള്ളൂർ സ്വദേശികളായ പെണ്‍കുട്ടികളാണ് വിഷക്കായ കഴിച്ചത്. ഇതിൽ തലയോലപ്പറമ്പ് സ്വദേശിനിയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്കി. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് റീൽസ് വീഡിയോകൾക്കായി ഇരുവരും ഒന്നിച്ച് വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുകയും പതിവായിരുന്നു. ഇത് വീട്ടുകാർ വിലക്കിയതോടെ ഇരുവരും വിഷമത്തിലായി.
തിങ്കളാഴ്ച വെള്ളൂർ സ്വദേശി സ്വന്തം വീട്ടിൽ വച്ച് വിഷക്കായ കഴിച്ചു. ഇതോടെ ബന്ധുക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ചികിത്സകൾക്ക് ശേഷം പെണ്‍കുട്ടിയെ വീട്ടിലേക്ക് അയച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഇതറിഞ്ഞ തലയോലപ്പറമ്പ് സ്വദേശി വീട്ടിൽ വെച്ച് വിഷക്കായ കഴിച്ചു. ഈ കുട്ടിയാണ് ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി നേരത്തെ പോക്സോ കേസിൽ ഇരയായിരുന്നു. എന്നാല്‍ ഈ കേസുമായി ആത്മഹത്യാശ്രമത്തിന് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.