ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍, നയപ്രഖ്യാപനത്തിന്റെ പേരില്‍ നടന്നത് അനാവശ്യ നാടകം -പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കൊടുക്കല്‍ വാങ്ങലും ഒത്തുകളിയുമാണെന്നും ഇവര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടനിലക്കാരുണ്ടെന്നും പ്രതിപക്ഷം നേരത്തെ പറഞ്ഞത് ശരിയാണെന്നത് അടിവരയിടുന്നതാണ് ഇന്ന് നടത്തിയ നാടകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊടുക്കല്‍ വാങ്ങലുകളല്ല നടത്തുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള നാടകമാണ് സംസ്ഥാനത്ത് നടന്നത്.
ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തിയ ധാരണയുടെ ഭാഗമാണ് ഈ നാടകം. ബി.ജെ.പിയുടെ തിരുവനന്തപുരത്തെ വക്താവിന്റെ പണിയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് ഗവര്‍ണറെ നിയന്ത്രിക്കുന്നത്. സംഘപരിവാര്‍ പറയുന്നത് ആവര്‍ത്തിച്ച് പറയുന്ന ജോലിയാണ് ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്യുന്നത്.
കൊടുക്കല്‍ വാങ്ങലുകളാണ് നടത്തുന്നതെന്ന് പ്രതിപക്ഷം പറഞ്ഞതുകൊണ്ടാണ് സംസ്ഥാനത്തെ ഒരു ബി.ജെ.പി നേതാവിനെ ഗവര്‍ണറുടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, ഇങ്ങനെ ചെയ്യുന്നത് ശീലമില്ലെന്ന് സര്‍ക്കാര്‍ ഫയലില്‍ എഴുതിച്ചേര്‍ത്തത്. ആ വാക്ക് എഴുതിയ പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റേണ്ട സ്ഥിതിയില്‍ സര്‍ക്കാര്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.
കണ്ണൂര്‍ വി.സി നിയമനത്തിലും ലോകായുക്ത ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാതെ ഒപ്പുവച്ചതും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ഒത്തുകളിയാണ്. നയപ്രഖ്യാപനത്തിന്റെ തലേദിവസം അനാവശ്യ നാടകം കളിച്ച് ഞങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലാണെന്ന് വരുത്തിതീര്‍ത്ത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.
സര്‍ക്കാറിന്റെ എല്ലാ ആവശ്യങ്ങളും ഗവര്‍ണര്‍ അംഗീകരിച്ചു. നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത് വൈകിപ്പിച്ച് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച ഗവര്‍ണര്‍ തന്നെയാണ് തൊട്ടുപിന്നാലെ സഭ വിളിച്ചുചേര്‍ക്കാന്‍ ഉത്തരവിട്ടത്. ഇതിലൂടെ ഗവര്‍ണറും സര്‍ക്കാറും ചേര്‍ന്ന് നിയമസഭയെ അവഹേളിക്കുകയാണ് ചെയ്തത് -വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.