ഇ.ഡി ആവശ്യം അംഗീകരിച്ചു; സ്വർണക്കടത്ത് കേസ് മാറ്റിവെച്ചു
text_fieldsന്യൂഡല്‍ഹി: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിലെ അന്വേഷണം പൂർത്തിയായോ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) സുപ്രീംകോടതി.
കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി നല്‍കിയ ട്രാന്‍സ്ഫര്‍ ഹരജി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഡൽഹിക്ക് പുറത്തായതിനാൽ മാറ്റിവെക്കണമെന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത അനധികൃത പണമിടപാട് കേസിലെ അന്വേഷണം പൂർത്തിയായോ എന്നറിയിക്കാൻ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ഇ.ഡിയോട് നിര്‍ദേശിച്ചത്. ഇ.ഡിയുടെ ഈ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി.
അന്വേഷണം പൂര്‍ത്തിയായോ എന്ന കാര്യം അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അറിയിക്കണം. കേസിന്റെ വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനുമുമ്പ് മുഴുവന്‍ പ്രതികളെയും കേള്‍ക്കണമെന്ന് കേസിലെ പ്രതിയായ എം.ശിവശങ്കറിനു വേണ്ടി ഹാജരായ ജയന്ത് മുത്തുരാജ് ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യം വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കാമെന്ന് ബെഞ്ച് മറുപടി നൽകി.
27 പ്രതികളുള്ള കേസിൽ ട്രാന്‍സ്ഫര്‍ ഹരജിയില്‍ വെറും നാലുപേരെ മാത്രമാണ് ഇ.ഡി കക്ഷി ചേര്‍ത്തിരിക്കുന്നതെന്നും കേസില്‍ അനുബന്ധ കുറ്റപത്രം ഫയല്‍ ചെയ്തുകഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.