പെൻഷൻ പ്രായം വർധന: തീരുമാനം തിരിച്ചടിയാകുമെന്ന് സർക്കാർ, മുന്നണി വിലയിരുത്തൽ
text_fieldsതിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആയി വർധിപ്പിച്ച തീരുമാനം സർക്കാർ മരവിപ്പിച്ചു. ഭരണ-പ്രതിപക്ഷ യുവജന സംഘടനകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണിത്. പെൻഷൻ പ്രായ വർധനയുമായി മുന്നോട്ട് പോകുന്നത് തിരിച്ചടിയാകുമെന്ന് സർക്കാറും ഇടതുമുന്നണിയും വിലയിരുത്തി. മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻതന്നെയാണ് പെൻഷൻ പ്രായ വർധന മരവിപ്പിച്ച തീരുമാനം അറിയിച്ചത്. ഇക്കാര്യത്തിൽ യുവജനങ്ങൾക്കുള്ള ആശങ്ക പരാമർശിച്ച മുഖ്യമന്ത്രി കൂടുതൽ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു.
പൊതുമേഖല സ്ഥാപനങ്ങളുടെ ശമ്പളം ഏകീകരിക്കുന്നതടക്കം മറ്റ് നിർദേശങ്ങൾ നടപ്പാക്കും. ഇത് പ്രത്യേക ഉത്തരവായി പുറപ്പെടുവിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പെൻഷൻ പ്രായ വർധന പിൻവലിച്ചതിനെ യുവജന സംഘടനകൾ സ്വാഗതം ചെയ്തു. പ്രതിപക്ഷ സംഘടനകൾക്ക് പുറമെ ഭരണപക്ഷത്തെ എ.ഐ.വൈ.എഫും ഡി.വൈ.എഫ്.ഐയും പെൻഷൻ പ്രായ വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ കൂടിയാലോചനകൾക്ക് ശേഷം സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളും. തുടർനടപടികൾക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിക്കുന്നതടക്കം വിദഗ്ധസമിതിയുടെ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സംസ്ഥാന സർക്കാറിന് കീഴിലെ വൈദ്യുതി ബോർഡ്, ജലഅതോറിറ്റി, കെ.എസ്.ആർ.ടി.സി ഒഴികെ എല്ലാ പൊതുമേഖല സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 60 ആക്കി ഏകീകരിക്കാനായിരുന്നു തീരുമാനം. പല സ്ഥാപനങ്ങളിലും വ്യത്യസ്ത വിരമിക്കൽ പ്രായമാണ് ഉണ്ടായിരുന്നത്.
കെ.എസ്.എഫ്.ഇ, ബിവറേജസ് കോർപറേഷൻ അടക്കം 122 പൊതുമേഖല സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപറേഷനുകളിലുമായി ഒന്നര ലക്ഷത്തോളം ജീവനക്കാരുണ്ട്. സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് പൊതുമേഖലയിലെ മാറ്റമെന്ന വിമർശനവും സർക്കാറിന് പ്രയാസം സൃഷ്ടിച്ചു. പെൻഷൻ പ്രായം വർധിപ്പിക്കില്ലെന്ന നയപരമായ നിലപാടിൽനിന്ന് പിന്നാക്കം പോകുന്നതിന്റെ സൂചനയായും ഇതിനെ വിലയിരുത്തി. ഇതോടെയാണ് സർക്കാർ തീരുമാനം തിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.