ബില്ലുകളിൽ അനിശ്ചിതത്വമുണ്ടാകുമോയെന്ന ആശങ്കയിൽ സർക്കാറും സി.പി.എമ്മും
text_fieldsതിരുവനന്തപുരം: ഇടഞ്ഞുനിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിഷേധാത്മക സമീപനം തുടർന്നാൽ നിയമസഭ സമ്മേളനത്തിൽ പാസാക്കുന്ന ബില്ലുകളുടെ കാര്യം അനിശ്ചിതത്വത്തിലാകുമോയെന്ന ആശങ്കയിൽ സർക്കാറും സി.പി.എമ്മും.
ഗവർണർ- സർക്കാർ പോര് പരമാവധി രൂക്ഷമാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും സി.പി.എം വിലയിരുത്തുന്നു. ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിൽ ലോകായുക്ത അന്തിമവിധി പറയാനിരിക്കുന്ന സാഹചര്യം വെല്ലുവിളിയായുണ്ട്. ലോകായുക്ത ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവെക്കാതെ വൈകിച്ചാലത് പ്രതിസന്ധിയായേക്കുമെന്ന തോന്നൽ സർക്കാറിനും സി.പി.എം നേതൃത്വത്തിനുമുണ്ട്.
സംഘ്പരിവാർ അജണ്ട അടിച്ചേൽപിക്കാനുള്ള ശ്രമമാണ് ഗവർണറിലൂടെ ബി.ജെ.പി ശ്രമിക്കുന്നതെന്നും കേരള സർവകലാശാല വി.സി നിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ ഗവർണർക്ക് മേൽ കേന്ദ്രസർക്കാറിന്റെ സമ്മർദമുണ്ടെന്നുമാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. കേന്ദ്രസർക്കാറിന്റെ പിന്തുണയുള്ളതിനാലാണ് ഗവർണർ വിട്ടുവീഴ്ചയില്ലാത്ത പ്രതികരണങ്ങളുമായി നീങ്ങുന്നതെന്നും സി.പി.എം വിലയിരുത്തുന്നു.
ഇത്തരം സങ്കീർണമായ രാഷ്ട്രീയസാഹചര്യങ്ങളെ പ്രതിരോധിക്കാനാണ് സി.പി.എം നേതൃയോഗങ്ങൾ വിളിച്ചിട്ടുള്ളത്. വിഴിഞ്ഞം തുറമുഖനിർമാണത്തിനെതിരായ മത്സ്യത്തൊഴിലാളി സമരം വിട്ടുവീഴ്ചയില്ലാതെ തുടരുന്നതും സർക്കാറിനുമുന്നിൽ പ്രതിസന്ധിയാണ്. ഇതും നേതൃയോഗങ്ങൾ ചർച്ച ചെയ്യും.
സി.പി.എം നേതൃയോഗം 28, 29 തീയതികളിൽ
തിരുവനന്തപുരം: ഗവർണർ-സർക്കാർ തർക്കം, വിഴിഞ്ഞം തുറമുഖ സമരം എന്നിവ ചർച്ച ചെയ്യാനും ഭാവി നടപടികൾ തീരുമാനിക്കാനുമായി ഞായർ, തിങ്കൾ ദിവസങ്ങളിൽ സി.പി.എം അടിയന്തര നേതൃയോഗങ്ങൾ ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തില് താല്ക്കാലിക ചുമതല മറ്റാർക്കെങ്കിലും കൈമാറേണ്ടതുണ്ടോ എന്നതുൾപ്പെടെ കാര്യങ്ങൾ യോഗങ്ങളിൽ തീരുമാനിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.