സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ അപ്പീലുമായി സർക്കാർ
text_fieldsകോഴിക്കോട്: രണ്ട് ലൈംഗികാതിക്രമക്കേസുകളിൽ സിവിക് ചന്ദ്രന് വിവാദ പരാമർശങ്ങളോടെ മുൻകൂർ ജാമ്യം നൽകിയ ജില്ല കോടതി നടപടിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ തീരുമാനിച്ചു. ഇക്കാര്യങ്ങൾ കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് നിയമോപദേശം നൽകിയതായി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ. ജയകുമാർ അറിയിച്ചു.
ആദ്യം മുൻകൂർ ജാമ്യം നൽകിയ കേസിൽ ഇതിനകംതന്നെ പരാതിക്കാരി ഹൈകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. രണ്ടാമത്തെ പരാതിക്കാരി അടുത്ത ദിവസം അപ്പീൽ നൽകുമെന്ന് അവരുടെ അഭിഭാഷകൻ പി. രാജീവും അറിയിച്ചു. രണ്ടാമത്തെ കേസിൽ മുൻകൂർജാമ്യ ഹരജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോകളിൽ പരാതിക്കാരിയെ ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രത്തിലാണ് കാണുന്നതെന്നും ഇക്കാരണത്താൽ പ്രതിയിൽ ചുമത്തിയ ശിക്ഷാനിയമം 354-എ പ്രകാരമുള്ള ലൈംഗിക പീഡനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നുമുള്ള പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജ് എസ്. കൃഷ്ണകുമാറിന്റെ ഉത്തരവ് വിവാദമായിരുന്നു. ഇത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകുക.
ആദ്യത്തെ കേസിൽ പട്ടികജാതി, വർഗക്കാർക്കെതിരായ ആക്രമണം തടയാനുള്ള നിയമപ്രകാരം കുറ്റംചുമത്തിയിട്ടും സിവികിന് മുൻകൂർജാമ്യം നൽകിയതും പ്രോസിക്യൂഷൻ ഹൈകോടതിയിൽ ചോദ്യംചെയ്യും. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് തോന്നിയാൽ മുൻകൂർജാമ്യം അനുവദിക്കരുതെന്നാണ് പട്ടിക ജാതി, വർഗക്കാർക്കെതിരായ ആക്രമണം തടയാനുള്ള നിയമം അനുശാസിക്കുന്നത്. എന്നാൽ, സിവിക്, ദലിത് പീഡനം ഒരു നിലക്കും അംഗീകരിക്കുന്നയാളല്ലെന്നും അദ്ദേഹത്തിന്റെ മുൻകാല ചെയ്തികൾ അത് തെളിയിക്കുന്നുവെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. മുൻകൂർജാമ്യ സമയത്തുതന്നെ പ്രഥമദൃഷ്ട്യാ കേസില്ലെന്ന് കണ്ടെത്തി ജാമ്യമനുവദിച്ചത് നിയമപരമല്ലെന്നാണ് പ്രോസിക്യൂഷൻ വാദം. ശാരീരിക അവശതകളുള്ള, 74 വയസ്സുകാരനായ സിവിക് ചന്ദ്രൻ കേസിൽ പറയുംവിധം പരാതിക്കാരിയെ പീഡിപ്പിച്ചെന്നത് അവിശ്വസനീയമാണെന്നും അതിനാൽ മുൻകൂർ ജാമ്യമനുവദിക്കാൻ യോജിച്ച കേസാണിതെന്നുമാണ് ജില്ല സെഷൻസ് ജഡ്ജിയുടെ കണ്ടെത്തൽ.
ജാതിവിവേചനത്തിനെതിരായി ചിന്തിക്കുന്നയാളെന്ന് തെളിയിക്കാൻ ജാതി വ്യക്തമാക്കാത്ത 1965ലെ തന്റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് സിവിക് ആദ്യകേസിൽ കോടതിയിൽ ഹാജരാക്കിയിരുന്നു. അങ്ങനെയുള്ളയാൾ ദലിത് എന്ന് അറിഞ്ഞുകൊണ്ട് പരാതിക്കാരിയോട് കുറ്റംചെയ്തെന്ന് പറയാനാവില്ലെന്നും പരാതിക്കാരിയും പ്രതിയുമായുള്ള ശാരീരിക സവിശേഷതകൾ പരിഗണിക്കുമ്പോൾ കേസെടുത്ത പ്രകാരമുള്ള ആക്രമണം സാധ്യമല്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. 2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്ത് ഒത്തുകൂടിയപ്പോൾ ആക്രമിച്ചെന്നായിരുന്നു കേസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.