നിയമക്കുരുക്ക് അഴിക്കാനാകാതെ സർക്കാർ പ്ലസ് വൺ പ്രവേശന വിജ്ഞാപനം അനിശ്ചിതത്വത്തിൽ
text_fieldsതിരുവനന്തപുരം: 50 ശതമാനത്തിനു മുകളിൽ സംവരണം അനുവദിക്കുന്നതിനെച്ചൊല്ലി സംസ്ഥാന പ്ലസ് വൺ പ്രവേശനത്തിലെ നിയമക്കുരുക്ക് അഴിക്കാനാകാതെ സർക്കാർ. ഇതുകാരണം എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ച പൂർത്തിയായിട്ടും പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല.
സംവരണം 50 ശതമാനം കവിയരുതെന്ന സുപ്രീംകോടതി വിധിയാണ് പ്ലസ് വൺ പ്രവേശന നടപടികൾ അനിശ്ചിതത്വത്തിലാക്കിയത്. കഴിഞ്ഞ വർഷം വരെ 48 ശതമാനമായിരുന്നു പ്ലസ് വൺ പ്രവേശനത്തിലെ സംവരണം. കഴിഞ്ഞ വർഷം മുതൽ 10 ശതമാനം സീറ്റുകൾ മുന്നാക്ക സംവരണത്തിന് നീക്കിവെച്ചതോടെ മൊത്തം സംവരണം 58 ശതമാനമായി. മറാത്ത സംവരണം റദ്ദാക്കിയുള്ള വിധിയിലൂടെ സംവരണം 50 ശതമാനം കവിയരുതെന്ന് സുപ്രീംകോടതി ആവർത്തിച്ചു. ഇതോടെയാണ് പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് കത്ത് നൽകിയത്.
ഇക്കാര്യത്തിൽ നിയമവകുപ്പിെൻറ കൂടി അഭിപ്രായം തേടിയ ശേഷം തുടർനടപടിയെടുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ, എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിച്ച് രണ്ടാഴ്ച പൂർത്തിയാകുേമ്പാഴും പ്ലസ് വൺ വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തതിൽ സർക്കാറിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. ജൂലൈ അവസാനത്തിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും നിയമക്കുരുക്ക് മറികടന്ന് എന്ന് നടപടികൾ തുടങ്ങാനാകുമെന്നതിൽ അനിശ്ചിതത്വം ബാക്കിയാണ്. സാധാരണഗതിയിൽ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിനൊപ്പം പ്ലസ് വൺ പ്രവേശനത്തിനുള്ള സമയക്രമവും പ്രഖ്യാപിക്കാറുണ്ട്. ഒരാഴ്ചക്കകം ഒാൺലൈൻ അപേക്ഷ സമർപ്പണവും തുടങ്ങാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.