എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ നടത്തിപ്പിലെ പ്രതിസന്ധി സർക്കാർ ഇരന്നുവാങ്ങിയത്
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ നടത്തിപ്പിലുണ്ടായ പ്രതിസന്ധിയും ആശങ്കയും രാഷ്ട്രീയതാൽപര്യം മാത്രം ലക്ഷ്യമിട്ട് സർക്കാർ ഇരന്നുവാങ്ങിയത്. മാർച്ച് 17ന് തുടങ്ങി 30ന് അവസാനിക്കുന്ന രീതിയിൽ ക്രമീകരിച്ച പരീക്ഷ ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ, തെരഞ്ഞെടുപ്പ് കാരണം പറഞ്ഞാണ് മാറ്റിയത്. പരീക്ഷ മാറ്റരുതെന്ന് വിദ്യാർഥികളും രക്ഷാകർത്താക്കളും ഭൂരിഭാഗം അധ്യാപകരും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.എ നൽകിയ നിവേദനം ആയുധമാക്കി പരീക്ഷ ഏപ്രിൽ എട്ടിലേക്ക് മാറ്റുകയായിരുന്നു. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളികളാകുന്നതിന് പരീക്ഷ തടസ്സമാകുമെന്ന് കണ്ടായിരുന്നു മാറ്റം.
ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെ വീഴ്ചകളുണ്ടായാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് സർക്കാറിന് ആശങ്കയുമുണ്ടായിരുന്നു. ഇതിന് ബോധപൂർവമായ ശ്രമം ഉണ്ടാകുമെന്നുവരെ പ്രചാരണവുമുണ്ടായി. ഇൗ സാഹചര്യം കൂടി പരിഗണിച്ചാണ് പരീക്ഷ മാറ്റാൻ സർക്കാർ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. കമീഷെൻറ തീരുമാനം വൈകിയപ്പോൾ സർക്കാർ വീണ്ടും കത്ത് നൽകിയാണ് പരീക്ഷ മാറ്റാൻ അനുമതി ലഭ്യമാക്കിയത്.
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയുള്ള പ്രചാരണം തെരഞ്ഞെടുപ്പിനുശേഷം രോഗവ്യാപനത്തിന് വഴിവെക്കുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം റമദാൻ വ്രതവും വിഷുവും വരുന്നത് പരിഗണിച്ചതുമില്ല. റമദാൻ വ്രതമായതിനാൽ ഹയർ സെക്കൻഡറിക്കു പുറമെ എസ്.എസ്.എൽ.സി പരീക്ഷ കൂടി ഏപ്രിൽ 15 മുതൽ രാവിലെയാക്കിയതോടെ നീണ്ട ഇടവേളകളോടെ പരീക്ഷ നടത്തേണ്ടിയും വന്നു.
എസ്.എസ്.എൽ.സിക്കാർക്ക് ഇനി നാലു പരീക്ഷ മാത്രമാണുള്ളതെങ്കിലും അവസാനിക്കുന്നത് 29നാണ്. അടുത്ത പരീക്ഷ 21നാണെങ്കിൽ പിന്നീട് 27നാണ്. 28നും 29നും പരീക്ഷയുണ്ട്. ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ 26ന് അവസാനിക്കും.
വിദ്യാർഥികളുടെ ജീവൻ പണയം വെച്ചുള്ള രാഷ്ട്രീയക്കളിയാണ് സർക്കാർ നടത്തിയതെന്ന വികാരം ശക്തമാണ്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചെങ്കിൽ എസ്.എസ്.എൽ.സി പരീക്ഷ ഉപേക്ഷിക്കാനാകില്ലെന്ന തീരുമാനത്തിലാണ് സർക്കാർ.
പരീക്ഷ മാറ്റിവെച്ചാൽ പിന്നീട് എന്ന് നടക്കുമെന്നത് പ്രതിസന്ധിയിലാക്കുന്നത് സർക്കാറിനെക്കാളും കുട്ടികളെയും രക്ഷാകർത്താക്കളെയുമാണ്. പരീക്ഷാപേടിക്കൊപ്പം കോവിഡ് ഭീതി കൂടി പേറിയാണ് വിദ്യാർഥികൾ പരീക്ഷ ഹാളിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.