വിദ്യാർഥി യാത്ര നിരക്ക് നിർണയം സർക്കാറിന് കീറാമുട്ടി
text_fieldsതിരുവനന്തപുരം: മിനിമം ചാർജ് വർധിപ്പിച്ചെങ്കിലും വിദ്യാർഥി യാത്ര നിരക്ക് നിർണയം സർക്കാറിന് കീറാമുട്ടി. മിനിമം നിരക്കിന്‍റെ 50 ശതമാനം വിദ്യാർഥികളുടെ നിരക്കായി നിശ്ചയിക്കണമെന്നാണ് ബസുടമകളുടെ നിലപാട്. ഇതനുസരിച്ച് വിദ്യാർഥി നിരക്ക് അഞ്ച് രൂപയാകണം. നിലവിലെ ഒരു രൂപയിൽനിന്ന് ഇത്രയധികം വർധിപ്പിക്കുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പരിശോധനക്ക് കമീഷനെ നിയോഗിച്ചത്.
കുറഞ്ഞ നിരക്ക് എട്ടിൽനിന്ന് 10 രൂപയാക്കണമെന്നതിൽ ഏറെനാൾ മുമ്പേ ധാരണയിലെത്തിയിരുന്നെങ്കിലും വിദ്യാർഥി നിരക്ക് നിർണയിക്കുന്നതിലെ അനിശ്ചിതത്വമാണ് വർധന നീളാൻ കാരണം. വിദ്യാർഥി നിരക്ക് വർധിപ്പിക്കാതെയുള്ള നിരക്ക് വർധനക്കെതിരെ ഉടമകൾ രംഗത്തെത്തിയിട്ടുണ്ട്. വേനലവധിയായതിനാൽ ധിറുതി പിടിച്ച് നിശ്ചയിക്കേണ്ടതില്ലെന്നാണ് സർക്കാർ വിശദീകരണം.
ബസ് പണിമുടക്കിനെതുടർന്ന് മുഖ്യമന്ത്രി വിളിച്ച ചർച്ചയിൽ വിദ്യാർഥി നിരക്ക് മൂന്ന് രൂപയാക്കുമെന്നായിരുന്നു അനൗദ്യോഗിക ധാരണ. എന്നാൽ, ഇടതുമുന്നണി യോഗത്തിൽ ഇതും പരിഗണിക്കപ്പെട്ടില്ലെന്നാണ് വിവരം. രാത്രി യാത്രനിരക്ക് പരീക്ഷണാടിസ്ഥാനത്തിൽ വർധിപ്പിക്കണമെന്ന കമീഷൻ ശിപാർശ പരിഗണിച്ചിട്ടില്ലെന്നതാണ് ഏക ആശ്വാസം. രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ 40 ശതമാനം വർധന ഏർപ്പെടുത്താനായിരുന്നു ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.