മുന്നാക്ക സംവരണം നിർബന്ധ സംവരണ പട്ടികയിലാക്കി സർക്കാർ
text_fieldsതിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിൽ മുന്നാക്ക സംവരണം (ഇ.ഡബ്ല്യു.എസ്) നിർബന്ധ സംവരണ പട്ടികയിൽ ഉൾപ്പെടുത്തി പ്രോസ്പെക്ടസിൽ ഭേദഗതി. കഴിഞ്ഞവർഷം സ്പെഷൽ സംവരണത്തിലായിരുന്നു മുന്നാക്ക സംവരണം. നിർബന്ധ സംവരണത്തിൽ ഉൾപ്പെടുത്തിയതോടെ മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിലെ സ്റ്റേറ്റ് മെറിറ്റ് സീറ്റുകൾ 60ൽനിന്ന് 50 ശതമാനമായി. േപ്രാസ്പെക്ടസിൽ നിർബന്ധ സംവരണ ക്രമത്തിൽ സ്റ്റേറ്റ് മെറിറ്റിനുശേഷം രണ്ടാമതായാണ് പത്ത് ശതമാനം മുന്നാക്ക സംവരണം ഉൾപ്പെടുത്തിയത്. നേരത്തേ രണ്ടാമതായി ഉൾപ്പെടുത്തിയിരുന്നത് 30 ശതമാനം വരുന്ന എസ്.ഇ.ബി.സി സംവരണമായിരുന്നു. പുതിയ പ്രോസ്പെക്ടസിൽ എസ്.ഇ.ബി.സി മൂന്നാമതും എസ്.സി/ എസ്.ടി നാലാമതുമാണ്. 2019ലെ മെഡിക്കൽ പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിന് പത്ത് ശതമാനത്തിലധികം സീറ്റ് നീക്കിവെച്ചത് വിവാദമായിരുന്നു. ഇത് 2020ലെ േപ്രാസ്പെക്ടസിൽ ആവർത്തിച്ചതോടെ സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ഉയർന്നു.
ഇതോടെ അധികം അനുവദിച്ച സീറ്റുകൾ പിൻവലിച്ച സർക്കാർ മറ്റ് സംവരണ സമുദായങ്ങൾക്ക് നൽകുന്ന രീതിയിൽതന്നെ മുന്നാക്ക സംവരണത്തിന് സീറ്റ് നീക്കിവെക്കുകയായിരുന്നു. 2019ൽ സർക്കാർ മെഡിക്കൽ കോളജുകളിൽ 21 സീറ്റാണ് മുന്നാക്ക സംവരണത്തിന് സർക്കാർ വഴിവിട്ട് നൽകിയത്. സാമൂഹിക പിന്നാക്കാവസ്ഥക്ക് പകരം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ച് ഭരണഘടന ഭേദഗതിയിലൂടെ കൊണ്ടുവന്ന മുന്നാക്ക സംവരണം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. സംവരണത്തിെൻറ മാനദണ്ഡം സാമൂഹിക പിന്നാക്കാവസ്ഥയായിരിക്കണമെന്ന ഇന്ദിരാസാഹ്നി കേസിലെ സുപ്രീംകോടതി ഭരണഘടന ബെഞ്ചിെൻറ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് മറാത്ത സംവരണ കേസിൽ സുപ്രീംകോടതി വിധിച്ചിരുന്നു.
സംവരണം 50 ശതമാനത്തിൽ കവിയരുതെന്നും കേസിൽ കോടതി ആവർത്തിച്ചിരുന്നു. ഭരണഘടന ഭേദഗതിയിലൂടെ കൊണ്ടുവന്ന മുന്നാക്ക സംവരണം തന്നെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കെയാണ് സംസ്ഥാനത്തെ പ്രഫഷനൽ കോഴ്സ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിൽ നിർബന്ധ സംവരണ പട്ടികയിൽ മുന്നാക്ക സംവരണം സർക്കാർ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.