വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ. ഹൈകോടതിയിലാണ് സർക്കാർ നിലപാടറിയിച്ചത്. തുടർന്ന് കേന്ദ്രസേനയെ വിന്യസിക്കുന്ന വിഷയത്തിൽ കോടതി കേന്ദ്ര സർക്കാറിന്‍റെ നിലപാട് തേടി.
അതേസമയം, അക്രമികൾക്കെതിരെ കേസെടുക്കുകയല്ലാതെ അറസ്റ്റ് അടക്കമുള്ള മറ്റ് നടപടികളിലേക്ക് സർക്കാർ കടന്നിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ ചൂണ്ടിക്കാട്ടി. കേന്ദ്രസേന വിന്യസിക്കാൻ സംസ്ഥാന സർക്കാർ എന്തിന് മടിക്കുന്നതെന്ന ചോദ്യവും അദാനിയുടെ അഭിഭാഷകൻ ഉന്നയിച്ചു. ഹരജി പരിഗണിക്കുന്നത് ഹൈകോടതി ബുധനാഴ്ചത്തേക്ക് മാറ്റി.
വൈദികരടക്കമുള്ളവർ വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയെന്നും സംഘർഷമുണ്ടാക്കിയെന്നും കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അക്രമസംഭവങ്ങളിൽ വൈദികർക്കും പങ്കുണ്ട്. പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിലാണ് തടഞ്ഞതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
പൊലീസിന് സുരക്ഷ ഒരുക്കാൻ സാധിക്കില്ലെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കാനാണ് ഹൈകോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയത്. എന്നാൽ, കോടതി ഉത്തരവ് സർക്കാർ നടപ്പാക്കാത്തതിനെ തുടർന്നാണ് അദാനി ഗ്രൂപ്പും കരാർ കമ്പനിയും കോടതിയെ വീണ്ടും സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.